By on April 2, 2019
15

ചീയുന്നതും അഴുകുന്നതും മാത്രം തിന്നു ജീവിക്കുന്ന ചില വന്യമൃഗങ്ങളുണ്ട്. നല്ലതൊന്നും കാണില്ല. കണ്ടാലും കണ്ണടയ്ക്കും. കേരളത്തിലെ ചില പത്രങ്ങള്‍ക്കും ടിവി ചാനലുകള്‍ക്കും കുറേക്കാലമായി ഇതാണു രോഗം. ക്രൈസ്തവരെപ്പറ്റി എന്തെങ്കിലും വിഷം ചീറ്റിയാലേ അന്നു ഉറക്കം വരൂ. നന്മയായിട്ടൊന്നും കാണില്ല.
മാര്‍ച്ച് എട്ടിനു ലോകവനിതാ ദിനമായിരുന്നു. അന്നു പുറത്തിറങ്ങിയ മിക്ക പത്രങ്ങളും സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചു. ലോകമാധ്യമങ്ങളിലും അത്തരം വാര്‍ത്തകള്‍ നിറഞ്ഞുനിന്നു. കലാപത്തീയില്‍ വെന്തുനീറുന്ന ദക്ഷിണ സുഡാനില്‍ പത്തുവര്‍ഷത്തിലേറെയായി പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള പദ്ധതികളുമായി കഴിയുന്ന അയര്‍ലന്‍ഡില്‍ നിന്നുള്ള ട്രീസിയെന്ന കന്യാസ്ത്രീയുടെ കഥയായിരുന്നു മിക്ക ലോക പ്രശസ്ത പത്രങ്ങളിലും പ്രധാന ഫീച്ചറായത്. അമേരിക്ക അവര്‍ക്ക് ധീരയായ വനിതയ്ക്കുള്ള അവാര്‍ഡ് നല്‍കി.
എന്നാല്‍ കേരളത്തിലെ മാതൃഭൂമിയെന്ന സവര്‍ണ പത്രം ലോകവനിതാ ദിനവും ക്രൈസ്തവരെ അടിക്കാനുള്ള വഴി തേടി. അങ്ങനെയാണ് ‘തല ചായ്ക്കാന്‍ ഇടം തരൂ…’ എന്ന വിലാപത്തോടെ ഒരു കന്യാസ്ത്രീയുടെ ‘കദനകഥ’ ഒന്നാം പേജിലും ഉള്‍പേജിലും അവരുടെ പൂര്‍ണകായ ചിത്രത്തോടൊപ്പം പ്രസിദ്ധീകരിച്ചത്.
ലിസി വടക്കേല്‍ എന്ന കന്യാസ്ത്രീയുടെ ‘ദുരന്തകഥയാണ് വനിതാദിനത്തില്‍ ചൂഷണത്തിന്റെയും പീഡനത്തിന്റെയും ഉദാഹരണമായി മാതൃഭൂമി കണ്ടെത്തിയത്. കുറേനാളായി ഈ പത്രം ക്രൈസ്തവര്‍ക്കെതിരെ പ്രത്യേകിച്ചു, കത്തോലിക്കര്‍ക്കെതിരെ ചെളി വാരിയെറിയുന്നതിന്റെ തുടര്‍ച്ച മാത്രമായിരുന്നു ഈ ഏഴാംകിട ഫീച്ചറും.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയതിനാല്‍ സഭ അവരെ നിരന്തരം പീഡിപ്പിക്കുന്നു, വേട്ടയാടുന്നു എന്നതാണ് കഥാസാരം. പുതിയ ആരോപണമൊന്നുമല്ല ഇത്.
എന്നാല്‍ കന്യാസ്ത്രീയെ സത്യത്തിന്റെ അവതാരമായി അവതരിപ്പിച്ച മാതൃഭൂമി ലേഖകന്‍, അവരെ ശരിക്കൊന്ന് വായനക്കാര്‍ക്ക് പരിചയപ്പെടുത്തേണ്ടതായിരുന്നു. അവര്‍ അംഗമായ സന്യാസ സഭയുടെ അധികാരികളെ തുടര്‍ച്ചയായി ധിക്കരിക്കുകയും സഭാനിയമങ്ങള്‍ കാറ്റില്‍ പറത്തുകയും വ്രതലംഘനം നടത്തുകയും ചെയ്യുന്ന ഈ സന്യാസിനി, സന്യാസ ജീവിതത്തിന്റെ ഹരിശ്രീ 55 -ാം വയസ്സിലും പഠിച്ചിട്ടില്ലെന്നാണ് മാര്‍ച്ച് 17 നു ദീപിക പത്രം പ്രസിദ്ധീകരിച്ച എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുടെ വിശദമായ പത്രക്കുറിപ്പ് വ്യക്തമാക്കിയത്.
ഏഷ്യാനെറ്റ് ചാനലിലെ സഭാവിരോധികളായ അവതാരകര്‍ ഇതേ കന്യാസ്ത്രീയെ വിളിച്ചുകൊണ്ടുപോയി ചാനലിലിരുത്തി അഭിമുഖം നടത്തിയിരുന്നു. മാതൃഭൂമി പത്രത്തിലും ഏഷ്യാനെറ്റിലും കന്യാസ്ത്രീ പറഞ്ഞതും പറയിപ്പിച്ചതും മാതൃഭൂമി ലേഖകനും ചാനല്‍ ജീവനക്കാരനും വിളിച്ചു പറഞ്ഞതുമൊക്കെ ശുദ്ധ കള്ളത്തരമായിരുന്നെന്ന് വായനക്കാര്‍ തിരിച്ചറിയണം. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അല്‍ഫോന്‍സയുടെ പത്രക്കുറിപ്പ് വായിക്കുക:

ആരോപണങ്ങള്‍ വ്യാജം: പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
1. അധികാരികള്‍ അനധികൃതമായി തനിക്കു സ്ഥലംമാറ്റം നല്‍കി എന്നതാണ് സിസ്റ്റര്‍ ലിസി ഉന്നയിക്കുന്ന ഒന്നാമത്തെ ആരോപണം. 2013, 2014, 2015 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സിസ്റ്റര്‍ ലിസി വിജയവാഡയിലേക്ക് തിരികെയെത്തി പ്രോവിന്‍സിന്റെ പരിധിയിലുള്ള ശുശ്രൂഷകളോട് സഹകരിക്കാന്‍ കാലാകാലങ്ങളിലുള്ള അധികാരികള്‍ ആവശ്യപ്പെടുകയും സിസ്റ്റര്‍ ലിസി അവയെല്ലാം നിരാകരിക്കുകയുമാണ് ഉണ്ടായത്. 2019 ല്‍ സിസ്റ്റര്‍ ലിസിക്ക് പുതിയ നിയമനം നല്‍കുമ്പോള്‍ അവര്‍ ബിഷപ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കിയ വിവരം അധികാരികള്‍ക്ക് അറിവുണ്ടായിരുന്നില്ല. പുതിയ നിയമനപത്രം സ്വീകരിച്ച ശേഷമാണ് താന്‍ പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന വിവരം സിസ്റ്റര്‍ ലിസി പ്രൊവിന്‍ഷ്യലിനെയും മറ്റ് അധികാരികളെയും അറിയിക്കുന്നത്. സഭാംഗങ്ങളായ സന്യാസിനികള്‍ക്ക് കൃത്യമായ ഇടവേളകളില്‍ സ്ഥലംമാറ്റം നല്‍കാനുള്ള ഉത്തരവാദിത്വം അധികാരികള്‍ക്കും അത് അനുസരിക്കാന്‍ സഭാംഗങ്ങള്‍ക്കു കടമയും ഉണ്ട് എന്നതാണ് സന്യാസത്തിന്റെ ചൈതന്യം. ബിഷപ് ഫ്രാങ്കോയുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലിസി മൊഴി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ വിചാരണയുമായി ബന്ധപ്പെട്ട് സഹകരിക്കുന്നതില്‍ നിന്ന് ആരും സിസ്റ്റര്‍ ലിസിയെ വിലക്കിയിട്ടില്ല.
2. അധികാരികള്‍ തന്നെ മഠം വിട്ടുപോകാന്‍ നിര്‍ബന്ധിക്കുന്നു എന്നതാണ് സിസ്റ്റര്‍ ലിസിയുടെ മറ്റൊരു ആരോപണം. എന്നാല്‍ സഭാനിയമങ്ങളും ജീവിതക്രമവും അനുസരിച്ചു ജീവിക്കണമെന്നതു മാത്രമാണ് അധികാരികള്‍ രേഖാമൂലം നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. പല്ലു തേക്കാന്‍ ബ്രഷ് എടുക്കുമ്പോള്‍ മാറിപ്പോകുന്നു, മുഖം കഴുകാന്‍ ടാപ്പ് ഓണാക്കാന്‍ മറന്നു പോകുന്നു എന്ന് സ്വയം വിളിച്ചു പറയുന്ന സിസ്റ്റര്‍ ലിസി, അധികാരികള്‍ ബിഷപ് ഫ്രാങ്കോയുടെ പക്കല്‍ നിന്നു കൈക്കൂലി വാങ്ങി തന്നെ പീഡിപ്പിക്കുന്നു എന്നു പറഞ്ഞ ആരോപണത്തെ അനുകമ്പയോടെ മാത്രം നോക്കിക്കാണുന്നു.
3. വിജയവാഡയില്‍ നിന്നു നാട്ടിലെത്തിയത് മരണഭയത്താലാണെന്നാണ് സിസ്റ്റര്‍ ലിസി പറഞ്ഞത്. എന്നാല്‍ അമ്മയെ കാണാനാണ് താന്‍ നാട്ടിലെത്തിയതെന്നാണ് ഇവര്‍ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. വീട്ടു തടങ്കലില്‍ വച്ചു എന്ന് ആരോപിച്ച് കേസു കൊടുത്ത വ്യക്തി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സ്ഥലത്തു തന്നെ തുടരുന്നു എന്നതാണ് വിരോധാഭാസം. എന്നാല്‍ സിസ്റ്റര്‍ ലിസി ഈ കാലഘട്ടങ്ങളിലെല്ലാംതന്നെ സ്വതന്ത്രമായി സഞ്ചരിക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്തു കൊണ്ടിരുന്നു എന്നതാണ് യാഥാര്‍ഥ്യം.
4. തനിക്ക് ഉപജീവനത്തിനുള്ള വകയില്ല എന്ന് കണ്ണുനീരോടെ സിസ്റ്റര്‍ ലിസി പറഞ്ഞതും വിചിത്രമായി തോന്നുന്നു. എഫ്‌സിസി സമൂഹത്തിലുള്ള ഒരു സന്യാസിനിക്കു പോലും സ്വന്തമായി ഉപജീവനത്തിനു വകയില്ല. ആത്മീയമോ ഭൗതികമോ ആയ എല്ലാ ആവശ്യങ്ങളും സഭ തന്നെയാണ് അംഗങ്ങള്‍ക്ക് നിറവേറ്റിക്കൊടുക്കുന്നത്. സമൂഹാംഗങ്ങളുടെ ആവശ്യത്തിനുള്ള സ്റ്റേഷനറി സാധനങ്ങള്‍ പൊതുവായി വാങ്ങി നല്‍കുകയാണ് മഠത്തിലെ പതിവ്. സിസ്റ്റര്‍ ലിസിക്കും ആവശ്യമായതെല്ലാം നല്‍കുന്നുണ്ട്.
5. ഞാനിനി എവിടെപ്പോകും എന്നതാണ് സിസ്റ്റര്‍ ലിസി തന്റെ പ്രധാന ആശങ്കയായി ചാനലിനോട് പറഞ്ഞത്. എഫ്‌സിസി വിജയവാഡ പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ലിസി തനിക്ക് ലഭിച്ച നിയമന പത്രത്തിലുള്ള പുതിയ സ്ഥലത്തേക്കു പോവുകയാണ് വേണ്ടത് – ശക്തമായ ഭാഷയില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ വിവിധ സന്യാസസഭകളിലായി 30,000 – ത്തോളം സിസ്റ്റേഴ്‌സുണ്ട്. അവര്‍ വിദ്യാഭ്യാസ, ആതുര ശുശ്രൂഷ, ജീവകാരുണ്യ മേഖലകളില്‍ വര്‍ഷങ്ങളായി നിശബ്ദ സേവനം നടത്തുന്നവരാണ്. കുഷ്ഠരോഗികള്‍ക്കും എയ്ഡ്‌സ് രോഗികള്‍ക്കും വൃദ്ധര്‍ക്കും അനാഥര്‍ക്കും സമൂഹം തള്ളിക്കളയുന്ന സകലവിധ നിരാലംബര്‍ക്കും സ്‌നേഹകാരുണ്യങ്ങളുടെ ദൈവസാന്നിധ്യമാണവര്‍. പൊതു സമൂഹം കൈകൂപ്പി ആദരിക്കുന്നവരാണവര്‍.
സന്യാസ ജീവിതത്തില്‍ സ്വയം പരാജയപ്പെടുകയും ആ പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് സഭാനവീകരണത്തിനും സ്ത്രീ നീതിക്കും വേണ്ടി സര്‍വതന്ത്ര സ്വതന്ത്രകളായി ഇറങ്ങിപ്പുറപ്പെടുകയും മാധ്യമങ്ങളുടെയും സഭാവിരുദ്ധരുടെയും ചട്ടുകങ്ങളായി മാറുകയും ചെയ്യുന്നവരല്ല, സന്യാസജീവിതത്തിന്റെ യഥാര്‍ഥ മാതൃകകള്‍. സഭാനിയമങ്ങളെയും വ്രതങ്ങളെയും കാറ്റില്‍ പറത്തി, സഭാധികാരികളെ ധിക്കരിച്ചു, സഭയ്ക്കും ക്രൈസ്തവ സമൂഹത്തിനുമെതിരെ വ്യാജ ആരോപണങ്ങള്‍ വിതറി പരസ്യമയി സൈ്വര്യവിഹാരം നടത്തുന്നവര്‍ സങ്കല്‍പത്തില്‍ പോലും സന്യാസിനിമാരല്ല; അവര്‍ക്കുള്ള ഇടം വേറെവിടെയോ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>