By on April 2, 2019
8 A

ഓരോ തിരഞ്ഞെടുപ്പും ചിലരുടെ ജീവിതം വഴിമാറ്റി ഒഴുക്കും.
അപ്രതീക്ഷിതമായി ചിലര്‍ സ്ഥാനാര്‍ഥിയാകും; എംഎല്‍എയാകും; എംപിയാകും;അറ്റകൈയ്ക്ക് മന്ത്രി തന്നെ ആയിക്കൂടെന്നില്ല. അങ്ങനെ വഴിമാറി ഒഴുകിയ ഹതഭാഗ്യനായ ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ കഥയാണിത്. സീറ്റ് മോഹിച്ചു കിട്ടാതെ പോയ ഒരാളുടെ കണ്ണീര്‍കഥ.

സര്‍, ഈ തിരഞ്ഞെടുപ്പില്‍ നീതി നിഷേധിക്കപ്പെട്ട ഹതഭാഗ്യനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍. 20 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. ഇക്കാലത്തിനിടയ്ക്ക് എത്ര പാര്‍ട്ടികളില്‍ ഞാന്‍ മാറിമാറി പ്രവര്‍ത്തിച്ചു എന്ന് എനിക്കറിയില്ല. കാരണം, പലപ്പോഴും പാര്‍ട്ടിയുടെ ആദര്‍ശവും എന്റെ ആദര്‍ശവും തമ്മില്‍ പൊരുത്തപ്പെടാറില്ല. എന്നു മാത്രമല്ല, ‘പാര്‍ട്ടി ഏതായാലും ജനങ്ങളെ സേവിച്ചാല്‍ മതി’ എന്നതാണ് എന്റെ രാഷ്ട്രീയാദര്‍ശം. ശ്രീനാരായണ ഗുരു തന്നെ പറഞ്ഞിട്ടുണ്ട് ഇത്: ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന്.
ജനങ്ങളെ സേവിക്കാന്‍ വേണ്ടി ജനിച്ചവരാണ് രാഷ്ട്രീയക്കാര്‍ എന്നു വിശ്വസിക്കുന്ന ഒരു പാവം പ്രവര്‍ത്തകനാണു ഞാന്‍. അതുകൊണ്ട് ജനങ്ങളെ സേവിക്കാതെ ഒരു നിമിഷം അടങ്ങിയിരിക്കാന്‍ എനിക്കാവില്ല. അങ്ങനെ എവിടെ ജനസേവനം വേണോ, അവിടെ ഞാനുണ്ട്. (പണ്ടൊരു സോപ്പിന്റെ പരസ്യത്തില്‍ പറയുന്നതുപോലെ, എവിടെ ലൈഫ് ബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ട്!)
പക്ഷേ, ഒരു പാര്‍ട്ടിയും എന്നെ മനസ്സിലാക്കിയില്ല. ഒരു പഞ്ചായത്തു മെമ്പര്‍ ആകാന്‍ പോലും എനിക്ക് അവസരം തന്നില്ല. പാര്‍ട്ടിയില്‍ വെള്ളം കോരിയും വിറകു കീറിയും കഴിയാന്‍ വിധിക്കപ്പെട്ട പലരെയും പോലെ ഞാനും മാറ്റി നിര്‍ത്തപ്പെടുകയായിരുന്നു.
അങ്ങനെയാണ് പല തവണ പാര്‍ട്ടി മാറിയത്. എന്റെ പാര്‍ട്ടി മാറ്റത്തെ ചിലര്‍ കാലുമാറ്റം എന്നു വിളിച്ചിട്ടുണ്ട്. അത് ഞാന്‍ കാര്യമാക്കുന്നില്ല! ജനസേവനമായിരുന്നു എന്റെ ലക്ഷ്യം.
ആ മാറ്റങ്ങളില്‍ സ്വാര്‍ഥത ഒട്ടും ഇല്ല. ഉണ്ടായിരുന്നെങ്കില്‍, ഇന്ന് കേരളത്തിലുള്ള ഒട്ടുമുക്കാലും നേതാക്കളും പാര്‍ട്ടി മാറിയവരും കൊടിമാറിയവരുമല്ലേ, അവരും സ്വാര്‍ഥമതികളല്ലേ?
ഈ തിരഞ്ഞെടുപ്പില്‍ തന്നെ ആരാധ്യരായ എത്രയെത്ര വടക്കേ ഇന്ത്യന്‍ നേതാക്കള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു രാജി വയ്ക്കുകയും മറ്റൊന്നില്‍ ചേക്കേറുകയും ചെയ്തു, സര്‍? നമ്മുടെ പ്രിയങ്കരനായ ടോം വടക്കന്‍ സര്‍, കെ.എസ്. രാധാകൃഷ്ണന്‍ സര്‍ തുടങ്ങി പ്രഗല്‍ഭരെ മറക്കരുത്. എന്തിന് കെ.വി. തോമസ് മാഷു തന്നെ പാര്‍ട്ടി മാറാന്‍ പോകുന്നുവെന്ന വാര്‍ത്ത പരന്നില്ലേ? ഇന്നലെ വരെ കോണ്‍ഗ്രസുകാരായി നടന്ന ഇവരൊക്കെ എന്തുകൊണ്ടാണ് പാര്‍ട്ടി മാറിയതും മാറാന്‍ ആലോചിച്ചതും? ജനസേവനം. ദേശീയബോധം. പാക്കിസ്ഥാന്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയതിന് ടോം വടക്കന്‍ രാജി വച്ചു. അതാണ് രാജ്യ സ്‌നേഹം. അദ്ദേഹത്തിന് ബിജെപി സീറ്റ് കൊടുക്കണം; പ്രതിരോധ മന്ത്രിയാക്കണം. അപ്പോള്‍ കാണാം, പാക്കിസ്ഥാനെ അദ്ദേഹം ഇടിച്ചു നിരപ്പാക്കും.
ഏറ്റവും ഒടുവില്‍ ഞാന്‍ നില്‍ക്കുന്ന പാര്‍ട്ടി ഏതെന്നു പറയുന്നില്ല! അതു ഒരുപക്ഷേ, ഇലക്ഷന്‍ ചട്ടത്തിന്റെ ലംഘനമാകും. ഒന്നു പറയാം, അവരും തന്നില്ല, ഒരു ചെറിയ ലോക്‌സഭ സീറ്റ്. തോല്‍ക്കുന്ന സീറ്റായാലും മതി, നാലാളുടെ മുമ്പില്‍ സ്ഥാനാര്‍ഥിയാണെന്നു പറഞ്ഞു ചെല്ലുന്നതു തന്നെ ഒരു ഗമയാണ്. എന്നിട്ടും അവര്‍ സീറ്റ് തന്നില്ല. എന്റെ പേരു പരിഗണിച്ചതു പോലുമില്ല. പക്ഷേ, ഞാന്‍ പിന്നോട്ടില്ല. ‘വടക്കന്‍ വീരഗാഥ’ സിനിമയില്‍ മമ്മൂട്ടി പറയുന്നതാണ് എന്റെ വേദവാക്യം: ‘ഇല്ല മക്കളേ, നിങ്ങള്‍ക്കെന്നെ തോല്‍പ്പിക്കാനാവില്ല! തോല്‍വികളേറെ ഏറ്റുവാങ്ങിയ കുട്ടാപ്പിക്ക് തോല്‍ക്കാന്‍ ഇനിയും ബാക്കിയുണ്ട് ജീവിതം…’
എന്റെ കഴിവുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും മനസ്സിലായിട്ടില്ല. രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തില്‍ പിറന്നവനാണ് കുട്ടാപ്പി. എന്റെ അപ്പൂപ്പന്‍ പുലിക്കാട്ടില്‍ കൊച്ചാപ്പി വക്കീല്‍. തിരു – കൊച്ചി സംസ്ഥാനത്തെ പുലിമുരുകനായിരുന്നു. കൊച്ചാപ്പി വക്കീല്‍ എന്നു കേട്ടാല്‍ സാക്ഷാല്‍ സര്‍ സിപി പോലും വിറച്ചിരുന്നു. കട്ടിമീശ, കട്ടിക്കണ്ണട, നരച്ച മുടി, കറുത്ത കോട്ട്, അതിനു മീതെ വെള്ള ഷാള്‍, കയ്യില്‍ സ്വര്‍ണം കെട്ടിയ വടി, വീതിക്കരയുള്ള ഖദര്‍മുണ്ട്. ഗുരുവായൂര്‍ കേശവനെപ്പോലെയുണ്ടായിരുന്നു തലപ്പൊക്കം. ആ വക്കീലിന്റെ കൊച്ചു മകനാണ് ഞാന്‍.
ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി നേരിട്ട് കത്തെഴുതി ആവശ്യപ്പെട്ടു. അപ്പൂപ്പന് പോകാന്‍ പറ്റിയില്ല. ചെറിയ ഒരു ജലദോഷം. പക്ഷേ, അദ്ദേഹമുണ്ടോ വിടുന്നു! ആലപ്പുഴ കടപ്പുറത്തു പോയി കടല്‍വെള്ളം തിളപ്പിച്ചു വറ്റിച്ചു ഉപ്പുണ്ടാക്കി! അതോടെ നാട്ടുകാര്‍ അദ്ദേഹത്തെ ഉപ്പു വക്കീല്‍ എന്നു വിളിച്ചു.
ഇനി എന്റെ അപ്പന്‍. എന്റെ അപ്പനായതുകൊണ്ടു പറയുന്നതല്ല, ആളും ഒരു പുലിയായിരുന്നു. രണ്ടു തവണ ജയിലില്‍ കിടന്നിട്ടുണ്ട്. അതിലൊന്ന് കാട്ടുപന്നിയെ വെടിവച്ചിട്ടാണെന്ന് അസൂയക്കാര്‍ പറയും; ചുമ്മാ. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും കുളിക്കുമ്പോള്‍ പോലും അപ്പന്‍ ഖദര്‍ കുപ്പായം ഊരില്ലായിരുന്നു.
ഒരിക്കല്‍ ഒരു സംഭവമുണ്ടായി. അന്നു ഞാന്‍ ജനിച്ചിട്ടില്ല. കാട്ടുപന്നി അപ്പന്റെ ഒരു ബലഹീനതയാണ്. കണ്ടാല്‍ വിടില്ല. അങ്ങനെയൊരിക്കല്‍ വെടിവയ്ക്കാന്‍ കാട്ടില്‍ പോയതാണ്. തോക്കു ചൂണ്ടി നില്‍ക്കുമ്പോള്‍, ദാ മുന്നില്‍ പട്ടാള യൂണിഫോമില്‍ ഒരാള്‍. ആരാ, സാക്ഷാല്‍ സുഭാഷ് ചന്ദ്രബോസ്! ബര്‍മയില്‍ നിന്നു വന്നതാണ്. ഇന്ത്യയ്‌ക്കെതിരെ ആയുധമെടുത്ത് യുദ്ധം നടത്തി സ്വാതന്ത്ര്യം നേടാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ നാഷനല്‍ ആര്‍മിയില്‍ ചേര്‍ന്നുകൂടേയെന്നൊരു ചോദ്യം. അപ്പന്‍ പറഞ്ഞു: ഇപ്പോള്‍ തല്‍ക്കാലം ഇല്ല. സുഭാഷ് ചന്ദ്രബോസ് നിരാശനായാണ് പോയത്.
എന്റെ രാഷ്ട്രീയ പാരമ്പര്യം ചൂണ്ടിക്കാട്ടാനാണ് ഞാനിതൊക്കെ പറഞ്ഞത്. ഏതായാലും എല്ലാ പാര്‍ട്ടികളും എന്നെ അവഗണിച്ചു. അതിന്റെ വേദന എനിക്കുണ്ട്, സര്‍. അതുകൊണ്ട് പാര്‍ട്ടിമാറി, കാലുമാറി, കരിങ്കാലി എന്നൊക്കെ ഇനിയെങ്കിലും എന്നെപ്പോലുള്ളവരെ വിളിക്കരുത്. എന്നേക്കാള്‍ എത്ര വലിയ മഹാന്മാര്‍ പാര്‍ട്ടി മാറുന്നു, മാറി.
ജനങ്ങളെ സേവിക്കാന്‍ ഒരവസരം. അതു തരൂ എന്നേ എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഒരു അന്ത്യാഭിലാഷമുള്ളൂ.
ബാലഗംഗാധര തിലകന്‍ (സിനിമ നടനല്ല) പറഞ്ഞത് ഓര്‍മയുണ്ടല്ലോ: ‘സ്വരാജ്യം എന്റെ ജന്മാവകാശം.’ അതുപോലെ രാജ്യസേവനം എന്റെ ജന്മാവകാശം!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>