By on April 2, 2019
10 B

ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ചു ഗാന്ധിജിയുടെ നേതൃത്വത്തില്‍ ദേശീയ നേതാക്കളും ബ്രിട്ടിഷ് ഭരണാധികാരികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്ന കാലം. 1930 ല്‍ ലണ്ടനില്‍ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തില്‍ ക്രൈസ്തവനായ കെ.ടി പോളും ഇന്ത്യയെ പ്രതിനിധീകരിച്ചു.
ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ ഭൂരിഭാഗം ജനങ്ങളും ഹിന്ദുക്കളായ രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ അവഗണിക്കപ്പെടുമോയെന്ന കാര്യവും അതിനുള്ള പരിഹാര മാര്‍ഗങ്ങളും ചര്‍ച്ചകളുടെ ഭാഗമായിരുന്നു. എന്നാല്‍ ഒന്നാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ നിലവിലുള്ള ക്രൈസ്തവര്‍ ഭാരത സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും ജാതീയവും വര്‍ഗീയവുമായ ഒരുവിധ സംവരണങ്ങളും ആനുകൂല്യങ്ങളും തങ്ങള്‍ക്ക് വേണ്ടെന്നും ഈ ചര്‍ച്ചകളില്‍ കെ.ടി പോള്‍ വ്യക്തമാക്കി. ഭൂരിപക്ഷ സമുദായങ്ങള്‍ തങ്ങളെ സ്വതന്ത്രഭാരതത്തില്‍ അവഗണിക്കില്ലെന്ന വിശ്വാസവും ജാതി, മത, വര്‍ഗാടിസ്ഥാനത്തിലുള്ള നിയോജകമണ്ഡലങ്ങളും സംവരണ രീതികളും സാമുദായിക വേര്‍തിരിവുകള്‍ സൃഷ്ടിക്കുമെന്നും അത് ഇന്ത്യയുടെ ഐക്യത്തിനു വിഘാതമാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ സുനിശ്ചിതമായ നിലപാട്. 1931 ല്‍ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത എസ്.കെ ദത്തും ഈ നിലപാടുതന്നെ സ്വീകരിച്ചു. അവരോടൊപ്പം ഫാ. ജെറോം ഡിസൂസ, അലോഷ്യസ് ഡോറന്‍, ആരോഗ്യസാമി മുതലിയാര്‍ തുടങ്ങിയ ക്രൈസ്തവ നേതാക്കളും ഇതേ സമീപനമാണ് കൈക്കൊണ്ടത്.
പിന്നീട് ഭരണഘടനയുടെ രൂപീകരണവേളയിലും ക്രൈസ്തവര്‍ക്ക് ജാതി, മത, വര്‍ഗാടിസ്ഥാനത്തിലുള്ള സംവരണം വേണ്ടെന്നായിരുന്നു ക്രൈസ്തവ സമുദായ നേതാക്കള്‍ ആവര്‍ത്തിച്ചത്. ക്രൈസ്തവരുടെ ഈ നിലപാടിനെ അന്ന് ഹിന്ദുമഹാസഭ അധ്യക്ഷനായിരുന്ന ബി. മോന്‍ജെ, കോണ്‍ഗ്രസ് നേതാവ് സി. രാജഗോപാലാചാരി തുടങ്ങിയവര്‍ പ്രശംസിച്ചു. ക്രൈസ്തവ നേതാക്കളുടെ വിശാല മനസ്സിനെയും ദേശീയ വീക്ഷണത്തെയും ‘അമൃത്‌സര്‍ പത്രിക’ ഉള്‍പ്പെടെയുള്ള പ്രമുഖ പത്രങ്ങള്‍ അഭിനന്ദിച്ചതും ചരിത്രം.
ഇന്ത്യ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുമ്പോള്‍ ഈ പഴയ ചരിത്രം ഓര്‍മിപ്പിച്ചത് വെറുതെയല്ല. ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന അത്യുന്നതമായ ആദര്‍ശം നെഞ്ചിലേറ്റി സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുള്ള 70 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ രാഷ്ട്ര പുനര്‍നിര്‍മാണത്തിന് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ഇന്നത്തെ സ്ഥിതി ചൂണ്ടിക്കാട്ടാനാണ്.
ഇന്ന് ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ശത്രുക്കളും അന്യരും അധിനിവേശ ജനവിഭാഗങ്ങളുമായി ചിത്രീകരിക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ഇന്ത്യ ഭരിച്ച രാഷ്ട്രീയ പാര്‍ട്ടിയും അതിന്റെ പോഷക സംഘടനകളും പതാകവാഹകരും ഇക്കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് സൃഷ്ടിച്ചിരിക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ, ദലിത് വിഭാഗങ്ങള്‍ക്കെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ അക്രമങ്ങളും ജനാധിപത്യവിരുദ്ധ, മതനിരപേക്ഷവിരുദ്ധ നടപടികളും എണ്ണിപ്പറയുന്നില്ല. അതൊക്കെ ഒരു ദുഃസ്വപ്‌നം പോലെ ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും മുസ്‌ലിം, ദലിത് സഹോദരങ്ങള്‍ക്കൊപ്പം ക്രൈസ്തവ സമൂഹങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷവും നിരന്തര ഭയത്തിലും ആശങ്കയിലുമാണ് കഴിഞ്ഞത്; ഇപ്പോഴും ആ സ്ഥിതിക്ക് മാറ്റമില്ല. പല സ്ഥലങ്ങളിലും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ കടന്നാക്രമണങ്ങളുണ്ടായി. ഒരു സംഭവത്തില്‍പോലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടില്ല. പല ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലും ക്രൈസ്തവ വൈദികര്‍ക്കും സിസ്റ്റേഴ്‌സിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. ആക്രമിക്കപ്പെട്ട സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും കണക്കില്ല. കോയമ്പത്തൂരില്‍ ഒരു വൈദികനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു അവശനാക്കി.
2018 ല്‍ മധ്യപ്രദേശിലെ സത്‌ന, രാജസ്ഥാനിലെ ജയ്പൂര്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ വൈദികരെയും വൈദിക വിദ്യാര്‍ഥികളെയും ആക്രമിച്ചു; രാത്രി മുഴുവന്‍ പൊലിസ് സ്റ്റേഷനിലിരുത്തി; താക്കീതു നല്‍കി വിട്ടയച്ചു.
ഒറ്റ നോട്ടത്തില്‍ ഇത്തരം നടപടികള്‍ നിസ്സാരമെന്നു തോന്നാമെങ്കിലും, ആഴത്തിലുള്ള രോഗലക്ഷണങ്ങളായേ ഇവയെ കാണാനാകൂ. എല്ലാ വിഭാഗം ജനങ്ങളെയും സംരക്ഷിക്കാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള പ്രധാനമന്ത്രിയും മറ്റുള്ളവരും ഇത്തരം സംഘടിതാക്രമണങ്ങളെ കണ്ടില്ലെന്നു നടിച്ചു കൈകഴുകി നില്‍ക്കുന്നത് ഗുരുതര രോഗലക്ഷണം തന്നെയാണ്.
ഇതുതന്നെയായിരുന്നു ഘര്‍വാപസി, ഗോരക്ഷ തുടങ്ങിയ പേരുകളില്‍ കുറേക്കാലം രാജ്യത്തുടനീളം അരങ്ങേറിയ അരാജകത്വത്തിലും തെളിഞ്ഞു നിന്നത്. പല പേരുകളില്‍, പല വിലാസങ്ങളില്‍ നടന്ന ആള്‍ക്കൂട്ടക്കൊലകള്‍ മുപ്പതോളം പേരുടെ വിലപ്പെട്ട ജീവനാണ് അപഹരിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിനെ സമീപിക്കേണ്ടത്. വിലക്കയറ്റവും തൊഴിലില്ലായ്മയും കര്‍ഷക ദുരിതങ്ങളും നോട്ട് നിരോധനം വരുത്തിയ തകര്‍ച്ചയും ജിഎസ്ടിയും റഫേല്‍ യുദ്ധവിമാനക്കരാര്‍ ഉള്‍പ്പെടെയുള്ള അഴിമതിക്കഥകളും തല്‍ക്കാലം മാറ്റിനിര്‍ത്തുക. അപ്പോള്‍, ഒരേയൊരു ചോദ്യമാണ് ന്യൂനപക്ഷങ്ങള്‍ക്ക് ചോദിക്കാനുണ്ടാവുക.
അതിതാണ് : 2019 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്ത്യയില്‍ എവിടെയായിരിക്കും ന്യൂനപക്ഷങ്ങള്‍? ജനാധിപത്യവും ജനാധിപത്യ മൂല്യങ്ങളും ജനാധിപത്യ സ്ഥാപനങ്ങളും മതനിരപേക്ഷതയും ഈ തിരഞ്ഞെടുപ്പിന് ശേഷം ഇന്നത്തെ നിലയില്‍ നിലനില്‍ക്കുമോ?
ഈ ചോദ്യങ്ങള്‍ കാച്ചിക്കുറുക്കിയെടുത്താല്‍ ഒരൊറ്റ ചോദ്യത്തിലേക്ക് ചുരുക്കാം: 2019 ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയുടെ ഭാവിയെന്തായിരിക്കും? നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പ്രഖ്യാപിക്കുന്നതുപോലെ ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്ക് എന്ന മഹത്തായ രാഷ്ട്രമായി നിലനില്‍ക്കുമോ? ഈ ചോദ്യങ്ങള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ നിലനില്‍പിന്റെ ചോദ്യങ്ങളാണ്. ഈ ചോദ്യത്തിനാണ് ഇന്ത്യ ഏപ്രില്‍ 11 മുതലുള്ള തിരഞ്ഞെടുപ്പില്‍ ഉത്തരം കണ്ടെത്തേണ്ടത്. ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തത്തോടെ, ഗൗരവത്തോടെ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ ചരിത്ര പ്രാധാന്യത്തിലേക്കാണ് മനസ്സുറപ്പിക്കേണ്ടത്. ജനാധിപത്യ ഇന്ത്യയെ സ്‌നേഹിക്കുന്ന ഇന്ത്യയിലെ നിരവധി വ്യക്തികളും മാധ്യമങ്ങളും ഭരണഘടനാ വിദഗ്ധരും ന്യായാധിപന്മാരും നമ്മെ ഓര്‍മപ്പെടുത്തുന്നത്, ഇന്ത്യയിലെ ഓരോ പൗരനും നിറവേറ്റേണ്ട ഈ ചുമതലയെപ്പറ്റിയാണ്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ഭൂരിപക്ഷ- ന്യൂനപക്ഷ ഭേദമില്ലാതെ എല്ലാവരെയും ഒരേപോലെ കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന ഇന്ത്യ. നമ്മുടെ ചിരപ്രാചീന പാരമ്പര്യത്തിലും ബഹുസ്വര സംസ്‌ക്കാരത്തിലും രാഷ്ട്രശില്‍പ്പികള്‍ ചൂണ്ടിക്കാട്ടിയ മതനിരപേക്ഷതയിലും വേരുറപ്പിച്ച ഇന്ത്യ. അത്തരമൊരു ഇന്ത്യയ്ക്കായി നിലകൊള്ളാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. ചരിത്രം അപൂര്‍വമായി വച്ചുനീട്ടുന്ന സുവര്‍ണാവസരം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>