By on April 2, 2019
10 A

റാം പുനിയാനി

ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മുഖ്യവിഷയമാകേണ്ടത് കേവലം സാമ്പത്തിക പ്രശ്‌നങ്ങളോ കാര്‍ഷിക രംഗത്തെയോ തൊഴില്‍ രംഗത്തേയോ അസ്വസ്ഥതകളോ മാത്രമല്ല. ഒരു പക്ഷേ, അവയേക്കാളേറെ പ്രധാനമാണ് ഇന്ന് നാം നേരിടുന്ന മറ്റൊരു പ്രശ്‌നം. അതു ഇന്ത്യയുടെ, അതിലെ ജനങ്ങളുടെ വിവിധ മതവിഭാഗങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
ഏതു പാര്‍ട്ടി, അല്ലെങ്കില്‍ ഏതു കൂട്ടുകക്ഷികള്‍ ഇന്ത്യയുടെ ഭരണഘടനയെ സംരക്ഷിക്കും എന്ന അതിപ്രധാനമായ ചോദ്യത്തിനാണ് ജനങ്ങള്‍ ഉത്തരം തേടേണ്ടത്. ആരാണ് ഇന്ത്യയില്‍ വിദ്വേഷവും അക്രമങ്ങളും വിഭാഗീയതയും സ്പര്‍ധയും ആളിക്കത്തിക്കുന്നത്? ആരാണ് ഇന്ത്യയുടെ ചിരപുരാതമായ ബഹുസ്വരതയുടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാലഹൃദയത്തിന്റെയും വക്താക്കള്‍ എന്നാണ് ജനങ്ങള്‍ തിരിച്ചറിയേണ്ടത്.
ഗാന്ധിജിയെ മറന്ന ഒരു വിഭാഗം നേതാക്കളുണ്ട് ഇവിടെ. ഗാന്ധിജി ഒരിക്കല്‍ പറഞ്ഞു: സമൂഹത്തിലെ ഏറ്റവും അവസാനത്തെ വ്യക്തിയെക്കൂടി കണ്ടുകൊണ്ടായിരിക്കണം, ഭരണകര്‍ത്താക്കള്‍ നയപരിപാടികള്‍ രൂപീകരിക്കേണ്ടത്. അതുപോലെ ഹൈന്ദവരും മുസ്ലിംകളും തമ്മിലുള്ള ഐക്യത്തിനും അദ്ദേഹം പരമപ്രാധാന്യം നല്‍കി. ഭൂരിപക്ഷ സമുദായങ്ങളും ന്യൂനപക്ഷ ജനവിഭാഗങ്ങളും ഒരേ ഇന്ത്യയിലെ പൗരന്മാരാണെന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വീക്ഷണമായിരുന്നു ഗാന്ധിജിയുടേത്.
അദ്ദേഹം വിഭാവനം ചെയ്ത, നമ്മുടെ ഭരണഘടന ഊട്ടിയുറപ്പിച്ച സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും തത്വങ്ങള്‍ക്ക് എതിരാണ് ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള പല ഭരണ നയങ്ങളും. വിദ്വേഷവും വിഭാഗീയതയും തൊഴില്‍രാഹിത്യവും വര്‍ധിപ്പിക്കുകയും ശരാശരി പൗരന്റെ ക്ഷേമം ബലികഴിച്ചു കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് കീശ നിറച്ചു നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യയിലെ ജനങ്ങള്‍ വിധിയെഴുതുമെന്നാണ് പ്രതീക്ഷ.
അസഹിഷ്ണുതയുടെ കാലം
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇന്ത്യയിലെ ജനങ്ങള്‍ ജീവിച്ചത് അസഹിഷ്ണുതയുടെ കറുത്ത ദിനങ്ങളിലാണ്. സത്യങ്ങള്‍ തുറന്നുപറഞ്ഞ ഡോ. ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങി പലരും വധിക്കപ്പെട്ടു. നിരവധി ക്രൈസ്തവ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തു. ഘര്‍വാപസിയുടെ പേരിലും ഗോരക്ഷയുടെ പേരില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരവധിപേര്‍ ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. ഒന്നിലും യഥാര്‍ഥ കുറ്റവാളികളെ പിടികൂടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല.
ഇതേ സമയം തന്നെ, ആശയപരമായും ഇന്ത്യയുടെ മതനിരപേക്ഷതയ്‌ക്കെതിരെ ബിജെപി ആര്‍എസ്എസ് – സംഘപരിവാരങ്ങള്‍ യുദ്ധം നടത്തി. പലരും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി. മുസ്ലിംകള്‍ പാക്കിസ്ഥാനിലേക്ക് പോകണം, അവര്‍ക്ക് വോട്ടവകാശം നിഷേധിക്കണം എന്നിവ അവയില്‍ ചിലത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണങ്ങളുണ്ടായി; ചില സ്ഥലങ്ങളില്‍ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ചില ഗവര്‍ണര്‍മാരും കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും പ്രകടമായ വര്‍ഗീയത പ്രസംഗിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവയൊക്കെ സംഗ്രഹിക്കുന്നു: ‘മതസ്വാതന്ത്ര്യം എന്നു പറയുന്നത്, സ്വതാന്ത്ര ഇന്ത്യയുടെ ഏറ്റവും വലിയ കാപട്യമാണ്; കള്ളമാണ്?
ദലിതരുടെ ഗതികേട്
ദലിത് ജനവിഭാഗങ്ങള്‍ക്കു നേരെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങള്‍ വര്‍ണനാതീതമാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമ്മൂല പീഡനങ്ങള്‍ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു. യുപിയിലെ ഉനയില്‍ 4 ദലിത് യുവാക്കളെ മാരകമായി മര്‍ദിച്ചു. കത്തുവ, ഉന്നാവു എന്നിവിടങ്ങളില്‍ കൂട്ട ബലാത്സംഗ സംഭവങ്ങള്‍ നടന്നു. കത്തുവയല്‍ ഒരു നാടോടി പെണ്‍കുട്ടിയാണ് പീഡനമേറ്റ് മരിച്ചത്. അവിടെ അക്രമികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു ബിജെപി പ്രകടനം നടത്തി. ഗോരക്ഷയുടെ പേരില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറിയെന്ന് എണ്ണിപ്പറയാനാവില്ല. ട്രെയിനില്‍വച്ച് ജൂനൈദ് എന്ന ദലിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 2010-2017 കാലയളവില്‍ ഗോരക്ഷയുടെ പേരില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 63 അക്രമ സംഭവങ്ങളിലായി 28 പേര്‍ കൊല്ലപ്പെട്ടു. 2014 ല്‍ മോദി അധികാരത്തിലേറിയ ശേഷമാണ് 63 സംഭവങ്ങളില്‍ 32 എണ്ണവും നടന്നത്. അതൊക്കെ ബിജെപി ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാനങ്ങളിലായിരുന്നു.
പറക്കുന്ന അഴിമതികള്‍
അഴിമതി തുടച്ചു നീക്കുമെന്ന പ്രഖ്യാപനത്തോടെയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും അഴിമതിക്കെതിരെ ചെറുവിരല്‍ പോലും അനക്കിയില്ല. കോടീശ്വരന്‍മാരായ വിജയ് മല്യയും വജ്രവ്യാപാരി നീരവ് മോദിയും മറ്റും കോടിക്കണക്കിന് പണവുമായി ഇന്ത്യയില്‍ നിന്നു മുങ്ങിയപ്പോള്‍, അവരെ തടയാനോ പിടിക്കൂടാനോ ഒരു ശ്രമവുമുണ്ടായില്ല. ഏറ്റവും ഒടുവില്‍ പ്രതിരോധസേനക്കുവേണ്ടി റഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങിക്കുന്നതിനുള്ള കരാറിന്റെ പിന്നിലെ അഴിമതികഥകളുടെ ഭീകര ചിത്രം ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നു. പ്രധാനമന്ത്രി മോദി കരാര്‍ വ്യവസ്ഥകളില്‍ നേരിട്ട് ഇടപെടുകയും മുകേഷ് അംബാനിയുടെ കമ്പനിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയും അങ്ങനെ 36,000 കോടി രൂപ അംബാനിയുടെ പോക്കറ്റില്‍ ഇട്ടുകൊടുക്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ രാജ്യം ഞെട്ടിവിറച്ചു നില്‍ക്കുന്നു.
ജനാധിപത്യമൂല്യങ്ങളുടെ അസ്തമനം
രാജ്യം ഏകാധിപത്യത്തിലേക്കുള്ള പ്രയാണത്തിലാണിന്ന്. വര്‍ഗീയതയുടെ ശക്തമായ പ്രചാരണം. പാഠപുസ്തകങ്ങളിലും സാംസ്‌ക്കാരിക സ്ഥാപനങ്ങളിലും ഹിന്ദുത്വ വര്‍ഗീയാദര്‍ശങ്ങള്‍ കുത്തിനിറച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ആത്മാവായ സമവായത്തിന്റെയും എതിരഭിപ്രായത്തിന്റെയും ശബ്ദങ്ങള്‍ തച്ചുടയ്ക്കപ്പെടുന്നു. രാഷ്ട്രപിതാവിനെയും രാഷ്ട്രശില്‍പ്പികളെയും തരം താഴ്ത്തുകയും ഗാന്ധി ഘാതകനെപ്പോലും ദേശസ്‌നേഹികളും രാഷ്ട്ര നേതാക്കളുമായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു. ഇക്കഴിഞ്ഞ ജനുവരി 30 ന് ഗാന്ധിജിയുടെ ചിത്രത്തില്‍ വെടിയുതിര്‍ത്ത് രാഷ്ട്രപിതാവിനെ നിഷ്ഠൂരമായി അവഹേളിക്കുന്നതും രാജ്യം ഞെട്ടലോടെ കണ്ടു.
ഉത്തരവാദിത്തത്തോടെ ബൂത്തിലേക്ക്
അടുത്ത അഞ്ചുവര്‍ഷത്തെ ഭരണം ലഭിച്ചാല്‍ ഇപ്പോഴത്തെ ഇന്ത്യയാവില്ല അഞ്ചുവര്‍ഷം കഴിഞ്ഞ് ഉണ്ടാകുകയെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു കഴിഞ്ഞു. ഭരണഘടന പൊളിച്ചെഴുതി, മതനിരപേക്ഷിത വലിച്ചെറിഞ്ഞു, ഭൂരിപക്ഷ ഹിന്ദുത്വത്തിന്റെ കാവിയണിഞ്ഞ ഇന്ത്യയായിരിക്കും അന്നുണ്ടായിരിക്കുക. അതുകൊണ്ട് ഇന്ത്യയിലെ 125 കോടി ജനങ്ങളും അതീവ ഗൗരവപൂര്‍വം വേണം തിരഞ്ഞെടുപ്പിനെ സമീപിക്കാന്‍. ഇനി ഇന്ത്യ ജീവിക്കുമോ മരിക്കുമോയെന്ന ചോദ്യത്തിനാണ് അവര്‍ ഉത്തരം നല്‍കേണ്ടത്. (സമാപിച്ചു)
- മൊഴിമാറ്റം : ജോസ് തളിയത്ത്

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>