By on April 2, 2019
1

സ്വന്തം ലേഖകന്‍

ഇരിങ്ങാലക്കുട : അടുത്ത അഞ്ചു വര്‍ഷം ഇന്ത്യ ആര് ഭരിക്കും? ആ ഭരണകാലത്ത് ഇന്ത്യയില്‍ എന്തൊക്കെ സംഭവിക്കും? ആ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍, ഇന്നത്തെ ഇന്ത്യയായിരിക്കുമോ, അന്നത്തെ ഇന്ത്യ?
ഏപ്രില്‍ 11 ന് ആരംഭിച്ച് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ 125 കോടി ജനങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ നിര്‍ണായകമായിരിക്കും.
സ്വാതന്ത്ര്യം ലഭിച്ചു 70 വര്‍ഷം പിന്നിട്ട ഇന്ത്യയില്‍ ഇത്രയേറെ പ്രാധാന്യമുള്ള ഒരു പൊതു തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. കാരണമുണ്ട്: ഈ തിരഞ്ഞെടുപ്പിലെ സുപ്രധാന വിഷയങ്ങള്‍ കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങളോ പെട്രോള്‍ വില വര്‍ധനയോ തൊഴിലില്ലായ്മയോ അഴിമതിയോ അല്ല. ഇവയൊക്കെ ജനജീവിതം ദുസ്സഹമാക്കിയ പ്രശ്‌നങ്ങളാണെങ്കിലും, അടിസ്ഥാനപരമായ മറ്റൊരു വിഷയമാണ് ഈ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയും മതസ്വാതന്ത്ര്യവും ഇനിയെത്ര നാള്‍ ഇന്നത്തെ രീതിയില്‍ നിലനില്‍ക്കും എന്നതാണ് യഥാര്‍ഥത്തില്‍ ഈ തിരഞ്ഞെടുപ്പിന്റെ മുഖ്യപ്രമേയം. കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യ ഭരിച്ചവരുടെ നടപടികളും വാക്കുകളും അവര്‍ ലക്ഷ്യമിടുന്ന ഇന്ത്യയുടെ സമൂലമാറ്റത്തിന്റെ സൂചനയാണ്. ആ മാറ്റം ഇന്ത്യയുടെ ആത്മാവിനെ പിളര്‍ത്തുന്നവയായിരിക്കും.
ഇപ്പോള്‍ നടക്കുന്നത് മതാധിഷ്ഠിത, വര്‍ഗീയ രാഷ്ടീയവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ്. മതമൗലിക വാദവും മതനിരപേക്ഷതയും തമ്മിലുള്ള ധര്‍മയുദ്ധം. ഏകാധിപത്യവും ബഹുസ്വരതയില്‍ അധിഷ്ഠിതമായ ജനാധിപത്യവും തമ്മിലുള്ള പോരാട്ടം.
ഈ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ എന്തൊക്കെ ചെയ്യുമെന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഇക്കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംശയരഹിതമായി പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 82 ശതമാനം ഹിന്ദുക്കളുള്ള ഇന്ത്യയെ 100 ശതമാനം ഹിന്ദുക്കളുള്ള രാഷ്ട്രമായി മാറ്റിയെടുക്കും; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി (75 -ാം വാര്‍ഷികം) ആഘോഷിക്കുന്ന 2022 ല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കും; തീവ്ര ഹിന്ദുത്വവാദത്തിന്റെ ആചാര്യനായ വീര്‍ സവാര്‍ക്കറുടെ ‘ഹിന്ദുത്വം – ഹിന്ദു രാഷ്ട്രം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദി വര്‍ഷമായ 2023 ല്‍ ഹിന്ദു രാഷ്ട്രം പൂര്‍ണമായി യാഥാര്‍ഥ്യമാക്കും; ഇതിനുവേണ്ടി ഇന്ത്യയുടെ ഭരണഘടന പൊളിച്ചെഴുതും; ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ സെക്കുലറിസം – മതസ്വാതന്ത്ര്യം – എന്നത് എടുത്തുകളയും; ഹിന്ദുത്വ ആശയങ്ങളില്‍ അധിഷ്ഠിതമായ പുതിയ ഘടകങ്ങള്‍ ഭരണഘടനയില്‍ കൂട്ടിച്ചേര്‍ക്കും; ഇന്ത്യ ‘ഹിന്ദുസ്ഥാന്‍’ ആയേക്കും; ദേശീയ പതാകയുടെ നിറം പോലും മാറിയേക്കാം.
അങ്ങനെ ഒരു പുതിയ ഇന്ത്യ. 2017 ഓഗസ്റ്റ് 15 നു പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പ്രസംഗിച്ചത് ഇതാണ്: 2022 ല്‍ പുതിയ ഇന്ത്യ നിലവില്‍ വരും. അതിനു മുമ്പ് ഓഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യാദിന സന്ദേശത്തില്‍ ആ ഇന്ത്യയെപ്പറ്റി അദ്ദേഹം ഏകദേശ രൂപം നല്‍കിയിരുന്നു. അതേ വര്‍ഷം ജൂണില്‍ ഗോവയില്‍ നടന്ന തീവ്ര ഹിന്ദുത്വ സംഘടനകളുടെ സംയുക്ത യോഗത്തിലും ‘പുതിയ ഇന്ത്യ’ കടന്നുവന്നു. 2023 – ഓടെ ഇന്ത്യയില്‍ ‘ഹിന്ദു രാഷ്ട്രം’ സ്ഥാപിക്കും. അതായിരുന്നു അന്നത്തെ പ്രഖ്യാപനം. ആര്‍എസ്എസ് നേതാവായ നരേന്ദ്ര മോദിയുടെ ഇന്ത്യയും തീവ്ര ഹിന്ദുത്വത്തിന്റെ ഇന്ത്യയും ഒന്നുതന്നെ.
അഞ്ചു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണം വരാനിരിക്കുന്ന സമൂല മാറ്റത്തിന്റെ ശംഖ ധ്വനിയാണ് മുഴക്കിയത്. ഘര്‍ വാപസി, ഗോ രക്ഷാ അക്രമങ്ങള്‍, ആള്‍ക്കൂട്ടക്കൊലകള്‍, ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമെതിരായ അക്രമങ്ങള്‍ എന്നിവയൊക്കെ അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന ആശങ്ക ചെറുതല്ല.
ഭരണഘടന പൊളിച്ചെഴുതുകയും മതനിരപേക്ഷത ഭരണഘടനാവകാശമല്ലെന്ന് വരികയും ചെയ്യുമ്പോള്‍, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമാവുമെന്നാണ് ഇന്ത്യയെ സ്‌നേഹിക്കുന്ന മതനിരപേക്ഷ വിഭാഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്തിയെഴുതി ന്യൂനപക്ഷങ്ങളെ അന്യരും അധിനിവേശ ശത്രുക്കളുമാക്കുമ്പോള്‍, വിദ്വേഷ രാഷ്ട്രീയവും അക്രമ രാഷ്ട്രീയവും മതമൗലിക വാദവും വര്‍ഗീയതയും അവരുടെ ജീവിതം നരകതുല്യമാക്കും. 2014 മുതലുള്ള സംഭവങ്ങളുടെ രൂക്ഷമായ പിന്തുടര്‍ച്ച 2019 മുതലും പ്രതീക്ഷിക്കാം.
ഏപ്രില്‍ 11,18,19,23, മേയ് 6,12,19 തിയതികളിലാണ് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ്. കേരളത്തില്‍ ഏപ്രില്‍ 23 നു ജനം വിധിയെഴുതും. പ്രചാരണ ബഹളങ്ങള്‍ക്കിടയില്‍പ്പെട്ട് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിസ്മരിക്കരുതെന്നാണ് രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>