By on November 2, 2019
10 C

പുത്തന്‍ചിറ ഫൊറോന പള്ളിക്കു പടിഞ്ഞാറ് പച്ചവിരിച്ച പാടശേഖരമാണ്. പാടങ്ങള്‍ക്ക് അതിരിട്ട് തെങ്ങും വാഴയും മാവും ജാതിയും വളര്‍ന്നു നില്‍ക്കുന്ന ഹരിതഭൂമി. പള്ളിയുടെ കവാടമിറങ്ങിയാല്‍ ആദ്യം കാണുക 1502 ല്‍ പോര്‍ച്ചുഗീസുകാര്‍ പണിത കുരിശുപള്ളിയുടെ ശേഷിപ്പായി നില്‍ക്കുന്ന ഇരട്ടകല്‍ക്കുരിശ്. പിന്നെയും താഴോട്ട് ഇറങ്ങുക. നാം ചെന്നു നില്‍ക്കുന്നിടമാണ് പുത്തന്‍ചിറ കടവ്. ജലസസ്യങ്ങളും ആഫ്രിക്കന്‍പായലും കൊച്ചോളങ്ങളില്‍ അങ്ങുമിങ്ങും നീങ്ങിക്കൊണ്ടിരിക്കുന്ന പുരാതന ജലഗതാഗത പാതയുടെ ഇങ്ങേയറ്റം. കൊടുങ്ങല്ലൂരിന്റെ പുരാവൃത്തങ്ങളില്‍ പറയുന്ന ‘മഹാദേവര്‍ പട്ടണത്തില്‍പ്പെട്ട പുത്തന്‍ചിറ’.
ഈ കടവിലാണ് 1919 ലെ ഒരു സായാഹ്നത്തില്‍ നാലഞ്ചു കെട്ടുവള്ളങ്ങള്‍ അടുത്തത്. കൊച്ചി ഭരിക്കുന്ന രാമവര്‍മ മഹാരാജാവ് കൊടുത്തുവിട്ട തേക്കിന്‍ തടികളായിരുന്നു അവയില്‍. അതു സ്വീകരിക്കാന്‍ എത്തിയത് മറിയം ത്രേസ്യ. ഓടിക്കൂടിയ നാട്ടുകാര്‍ വിസ്മയത്തോടെ അവയെല്ലാം വള്ളങ്ങളില്‍ നിന്നു കരയിലിറക്കി. അന്നത്തെ കണക്കനുസരിച്ചു 80 കണ്ടി മരം – അതായത് ഇന്നത്തെ 20 ടണ്‍. മറിയം ത്രേസ്യ കുഴിക്കാട്ടുശ്ശേരിയില്‍ 1917 ല്‍ നിര്‍മാണം ആരംഭിച്ചിരുന്ന മഠത്തിനുവേണ്ടിയുള്ളതായിരുന്നു അത്. നാട്ടുകാര്‍ ദിവസങ്ങളെടുത്താണ് തടികള്‍ കഷണങ്ങളാക്കി കുഴിക്കാട്ടുശ്ശേരിയിലെത്തിച്ചത്.
പുത്തന്‍ചിറ പള്ളിക്കു സമീപം 1913 ല്‍ ഏകാന്തഭവനം പണിതു സന്യാസ ജീവിതം ആരംഭിച്ച ശേഷം അതിവേഗം അംഗ സംഖ്യ വര്‍ധിച്ചപ്പോഴാണ് ആത്മപിതാവായ ജോസഫ് വിതയത്തിലച്ചനുമായി ആലോചിച്ച് കുഴിക്കാട്ടുശ്ശേരിയില്‍ മറ്റൊരു മഠത്തിന് തുടക്കമിട്ടത്.
1917 ല്‍ മാര്‍ ജോണ്‍ മേനാച്ചേരി അതിനു തറക്കല്ലിട്ടു. ആദ്യകാലത്ത് പണി പുരോഗമിച്ചെങ്കിലും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ സാമ്പത്തിക ഞെരുക്കംമൂലം നിര്‍മാണം നിര്‍ത്തിവച്ചു. കട്ടിളപ്പൊക്കം വരെയേ അന്നു പൂര്‍ത്തിയായിരുന്നുള്ളൂ. വാതിലുകള്‍ക്കും ജനലുകള്‍ക്കും മേല്‍ക്കൂരയ്ക്കും മരം വേണം.
ഒന്നാം ലോക മഹായുദ്ധം യൂറോപ്പില്‍ കൊടുമ്പിരികൊണ്ടു നടക്കുന്ന കാലമാണ്. യുദ്ധത്തില്‍ ബ്രിട്ടനും പങ്കാളി. ലോകമാസകലം യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഭക്ഷ്യക്ഷാമമായും വസ്ത്രക്ഷാമമായും വികസന മുരടിപ്പായും പടര്‍ന്നു. കൊച്ചി രാജ്യത്തിലും അതിന്റെ പ്രതിചലനങ്ങളുണ്ടായി. പുത്തന്‍ചിറയുള്‍പ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ ദാരിദ്ര്യവും രോഗവും ഇല്ലായ്മകളും തലനീട്ടി. ഇക്കാലത്ത് മഠം പണിക്ക് അതുവരെ ഉദാരമായി സഹായിച്ചിരുന്ന നാട്ടുകാരും നിസ്സഹായരായി.
നിര്‍ത്തിവച്ച നിര്‍മാണം പുനരാരംഭിക്കാന്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ: മഹാരാജാവിനോട് സങ്കടം ഉണര്‍ത്തിക്കുക. കൊട്ടാരത്തിലെ കാര്യസ്ഥന്മാരില്‍ ഒരാളായ വിളങ്ങാടന്‍ ചാക്കോച്ചന്‍ മറിയം ത്രേസ്യയ്ക്ക് വഴി പറഞ്ഞുകൊടുത്തു.
മറിയം ത്രേസ്യ സിസ്റ്റര്‍ മര്‍ഗരീത്തയുമൊത്ത് തൃപ്പൂണിത്തുറ കോവിലകത്തെത്തി. പക്ഷേ, മഹാരാജാവിനെ മുഖം കാണിക്കാനായില്ല. അദ്ദേഹം രോഗബാധിതനാണ്; ശരീരത്തിലുണ്ടായ വ്രണമാണ് രോഗഹേതു.
മറിയം ത്രേസ്യ കൊട്ടാരമുറ്റത്തെ ഉദ്യാനത്തില്‍ നിന്ന് ഏതോ പച്ചിലകള്‍ ശേഖരിച്ചു ഒരു മരുന്നുണ്ടാക്കി ചാക്കോച്ചനെ ഏല്‍പ്പിച്ചു. വ്രണത്തില്‍ പുരട്ടാനായിരുന്നു നിര്‍ദ്ദേശം. പ്രാര്‍ഥനയില്‍ ചാലിച്ചെടുത്ത പച്ചമരുന്ന് പെട്ടെന്ന് ഫലം കാട്ടി.
രണ്ടു നാള്‍ കഴിഞ്ഞു രാജദൂതന്‍ പുത്തന്‍ചിറയിലെത്തി. മറിയം ത്രേസ്യ ദൂതനോടൊപ്പം വീണ്ടും കൊട്ടാരത്തിലെത്തി. തന്റെ രോഗം ഭേദമായതിലുള്ള നന്ദിയറിയിച്ച ഔദാര്യനിധിയായ രാമവര്‍മ മഹാരാജാവ് മഠം നിര്‍മാണത്തിനാവശ്യമായ തേക്കിന്‍തടി കൊടുത്തുവിടാമെന്നു ഉറപ്പു നല്‍കിയാണ് മറിയം ത്രേസ്യയെ യാത്രയാക്കിയത്.
മഹാരാജാവ് നല്‍കിയ 20 ടണ്‍ തേക്ക് ലഭിച്ചതോടെ മഠത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. വാതിലുകളും ജനലുകളും തട്ടും മേല്‍ക്കൂരയുമൊക്കെ കറകളഞ്ഞ തേക്കില്‍ പണിതു തീര്‍ത്തു.
1922 ഏപ്രില്‍ 17 ന് വെഞ്ചരിച്ച ആ മഠത്തിലായിരുന്നു 1926 ജൂണ്‍ എട്ടിനു മരിക്കുന്നതുവരെ മറിയം ത്രേസ്യയുടെ ജീവിതം. ആ പുണ്യജന്മത്തിന്റെ ഓര്‍മകള്‍ തുളുമ്പുന്ന കുഴിക്കാട്ടുശ്ശേരി മഠത്തിന്റെ ഇടനാഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ പണ്ടൊരുനാള്‍ പുത്തന്‍ചിറ കടവിലടുത്ത വിസ്മയത്തോണികളുടെ തുഴച്ചില്‍പാട്ട് എവിടെയോ മുഴങ്ങുന്നതു പോലെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>