ആദായനികുതി കൊടുക്കുമ്പോള്‍ – സ്രോതസ്സില്‍ നികുതി കിഴിവ്‌

By on July 30, 2013
tax

നമ്മളില്‍ പലരും ഇന്ന് ആദായ നികുതി കൊടുക്കുന്നവരാണ്. സാധാരണയായി സാമ്പത്തിക വര്‍ഷം അവസാനിച്ചതിനു ശേഷമാണ് എല്ലാവരും നികുതി അടയ്ക്കുന്നത്. ചിലര്‍ നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ നികുതി മുന്‍കൂറായും (അഡ്വാന്‍സ് ടാക്‌സ്) അടയ്ക്കാറുണ്ട്. എന്തായാലും ഒരു വ്യക്തിയുടെ വരുമാനത്തില്‍ നികുതി കൊടുക്കുകയെന്നത് ആ വ്യക്തിയുടെ കടമയും കര്‍ത്തവ്യവുമാണ്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഒരു വ്യക്തിയുടെ വരുമാനത്തിലുള്ള നികുതി ആ വ്യക്തിക്കുവേണ്ടി വരുമാനദാതാവ് (വരുമാനം തരുന്നയാള്‍) അടയ്‌ക്കേണ്ടി വരും. അതായത് ചില വരുമാനത്തിന്മേല്‍ ഒരു നിശ്ചിത ശതമാനം തുക നികുതിയായി പിടിച്ച് ബാക്കി തുകയേ തരുന്നയാള്‍ തരികയുള്ളൂ. ഇപ്രകാരം കിഴിക്കുന്ന തുക ആ വ്യക്തിയുടെ പേരില്‍ വരുമാനം തരുന്നയാള്‍ സര്‍ക്കാരിലേക്ക് അടയ്ക്കുകയും ചെയ്യും. ഇങ്ങനെ വരുമാനത്തില്‍ നിന്നു തന്നെ പിടിച്ച് വരുമാനം തരുന്നയാള്‍ (deductor) സര്‍ക്കാരിലേക്ക് അടയ്ക്കുന്ന തുകയാണ് TDS.
ആരാണ് TDS പിടിക്കേണ്ടത്?
വരുമാനം കൊടുക്കുന്ന വ്യക്തിയാണ് TDS പിടിക്കേണ്ടത്. എന്നിരുന്നാലും തുക കൊടുത്തത് ബിസിനസ്സ് ആവശ്യത്തിന് ആണെങ്കില്‍ മാത്രമേ നികുതി പിടിക്കേണ്ടതുള്ളൂ. പേര്‍സണല്‍ ആവശ്യങ്ങള്‍ക്കാണ് പ്രസ്തുത തുക കൊടുത്തത് എങ്കില്‍ TDS ബാധകമല്ല. തുക കൊടുക്കുന്ന സമയത്താണ് TDS സാധാരണയായി പിടിക്കേണ്ടത്. എന്നാല്‍ തുക കൊടുക്കുന്നതിനു മുമ്പ് തന്നെ അത് ബിസിനസ്സ് ചെലവെഴുതി കൊടുക്കേണ്ട വ്യക്തിയുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്താല്‍ അപ്പോള്‍ തന്നെ നികുതിയും പിടിച്ചു സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതാണ്.
ഏതൊക്കെ payments നാണ് TDS പിടിക്കേണ്ടത്?
ശമ്പളം, പലിശ, കമ്മീഷന്‍, ബ്രോക്കറെജ്, വാടക, പ്രൊഫഷണല്‍ അഥവാ ടെക്‌നിക്കല്‍ ഫീ, റോയല്‍റ്റി, കരാറുകാര്‍ക്കോ ഉപ കരാറുകാര്‍ക്കോ കൊടുക്കുന്ന തുക, non residents -നു കൊടുക്കുന്ന തുക എന്നിവയ്‌ക്കെല്ലാം TDS ബാധകമാണ്. ഇവ കൂടാതെ ബിസിനസ് സ്ഥാപനങ്ങള്‍ കൊടുക്കുന്ന പല ചെലവുകള്‍ക്കും TDS ബാധകമാണ്. ബിസിനസ് സ്ഥാപനങ്ങള്‍ ഒരു വര്‍ഷം ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ കൊടുക്കുന്ന മൊത്തം  തുക നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ ആണെങ്കില്‍ മാത്രം TDS പിടിച്ചാല്‍ മതി.
ഇനി സാധാരണ ജീവിതത്തില്‍ TDS ബാധകമായിട്ടുള്ള വരുമാനങ്ങള്‍ എന്തെല്ലാം എന്ന് നോക്കാം:
1. ശമ്പളം (വകുപ്പ് 192) : ഓരോ വ്യക്തിക്കും കിട്ടുന്ന ശമ്പളം ആ വ്യക്തിയുടെ നികുതി രഹിത വരുമാന പരിധിയിലും (Basic Exemption Limit) കൂടുതല്‍ ആണെങ്കില്‍ TDS പിടിക്കേണ്ടതാണ്. മറ്റു വരുമാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ശമ്പളത്തില്‍ നിന്ന് പിടിക്കേണ്ട നികുതിക്ക് ഒരു നിശ്ചിത ശതമാനം ഇല്ല. ജീവനക്കാരന്റെ ഒരു വര്‍ഷത്തെ മൊത്തം വരുമാനം കണക്കാക്കി അതില്‍ ജീവനക്കാരന്‍ അടയ്‌ക്കേണ്ട നികുതിയാണ് തൊഴിലുടമ TDS ആയി പിടിക്കേണ്ടത്. ചുരുക്കത്തില്‍ ജീവനക്കാരന്റെ മൊത്തം നികുതിയും  TDS  ആയി തൊഴിലുടമ സര്‍ക്കാരിലേക്ക് മാസം തോറും അടയ്‌ക്കേണ്ടതാണ്. ഇതിനു ആവശ്യമായ വിശദാംശങ്ങള്‍ ജീവനക്കാരന്‍ നല്‌കേണ്ടതാണ്. ശമ്പളത്തില്‍ നിന്നും കിഴിവ് ചെയ്യേണ്ട നികുതി കണക്കാക്കുമ്പോള്‍ ശമ്പളം മാത്രമല്ല ആ വ്യക്തിയുടെ ഇതര വരുമാനങ്ങളും ആ വ്യക്തിക്ക് ലഭ്യമായ നികുതി ഇളവുകളും (ഉദാ : LIC, housing loan തിരിച്ചടവ്) കണക്കിലെടുക്കേണ്ടതാണ്.
ഇങ്ങനെ കിഴിവ് ചെയ്ത നികുതി തൊഴിലുടമ അടുത്ത മാസം 5 -ാം തിയതിക്കു മുമ്പായി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതാണ്. മാത്രമല്ല സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ജീവനക്കാരന് ആ വര്‍ഷം പിടിച്ച മൊത്തം നികുതിയും കാണിച്ചു ഫോം 16 A നല്‌കേണ്ടതാണ്. ഇപ്രകാരം ശമ്പളത്തില്‍ പിടിച്ച നികുതിയും കണക്കിലെടുത്ത ശേഷം ബാക്കി നികുതി മാത്രം ജീവനക്കാരന്‍ സര്‍ക്കാരിലേക്ക് അടച്ചാല്‍ മതി.
2. പലിശ (വകുപ്പ് 194 A) : പ്രസ്തുത വകുപ്പ് പ്രകാരം ബാങ്കുകളും കോ- ഓപ്പറെറ്റീവ് ബാങ്കുകളും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ഒരു വര്‍ഷം കൊടുക്കുന്ന മൊത്തം പലിശ 10,000 രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ മൊത്തം പലിശയില്‍ 10% നികുതി പിടിക്കെണ്ടതാണ്. മറ്റു സ്ഥാപനങ്ങള്‍ ഒരു വ്യക്തിക്ക് കൊടുക്കുന്ന വാര്‍ഷിക പലിശ 5,000 രൂപയില്‍ കൂടുതലാണെങ്കില്‍ മൊത്തം പലിശയില്‍ 10 % നികുതി പിടിക്കേണ്ടതാണ്. എന്നാല്‍ പലിശ ലഭിച്ച വ്യക്തിക്ക് ആ വര്‍ഷം നികുതി കൊടുക്കേണ്ടതായി വരുന്നില്ലെങ്കില്‍ (മൊത്തം വരുമാനം നികുതി രഹിത പരിധിക്കു താഴെയാണെങ്കില്‍) ആ വ്യക്തി പ്രസ്തുത ബാങ്കിനോ സ്ഥാപനത്തിനോ ഫോം 15ഒ കൊടുക്കുന്ന പക്ഷം ആ വ്യക്തിയുടെ പലിശയില്‍ TDS പിടിക്കുന്നതല്ല. പലിശ പല നിക്ഷേപത്തില്‍ നിന്ന് ആണെങ്കില്‍ കൂടി മൊത്തം പലിശ 10,000 രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ ബാങ്കുകള്‍ TDS പിടിക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് സ്ഥിര നിക്ഷേപത്തില്‍ നിന്ന് 9,000 രൂപയും സേവിംഗ്‌സ് അക്കൗണ്ടില്‍ നിന്ന് 2,000 രൂപയും കിട്ടിയാല്‍ മൊത്തം പലിശ 10,000 രൂപയില്‍ കൂടുതല്‍ ആയതിനാല്‍ TDS പിടിക്കേണ്ടതാണ്.
3. ഡിബെഞ്ചറില്‍ നിന്ന് കിട്ടുന്ന പലിശ (വകുപ്പ് 193) : മുത്തൂറ്റ്, മണപ്പുറം തുടങ്ങിയവ പോലുള്ള കമ്പനി ഡിബെഞ്ചറില്‍ നിന്ന് കിട്ടുന്ന വാര്‍ഷിക പലിശ 2,500 രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ മൊത്തം പലിശയില്‍ 10 % TDS പിടിക്കണം.
4. വാടക (വകുപ്പ് 194 ഐ) : വാടകയിനത്തില്‍ ലഭിക്കുന്ന തുക ഒരു വര്‍ഷം 1,80,000 രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ അതിന്മേല്‍ TDS ബാധകമാണ്. ഇത് മിഷിനറി, പ്ലാന്റ്, മറ്റുപകരണങ്ങള്‍ എന്നിവയുടെ വാടക ആണെങ്കില്‍ 2 ശതമാനവും സ്ഥലത്തിന്റെയോ കെട്ടിടത്തിന്റെയോ വാടക ആണെങ്കില്‍ 10 ശതമാനവും TDS പിടിക്കണം.
5. കരാര്‍ ഉപ കരാര്‍ എന്നിവയ്ക്കു കൊടുക്കുന്ന തുക (വകുപ്പ് 194 ഇ) : ഒരു വര്‍ഷം ഒരു വ്യക്തിക്ക് 75,000 രൂപയില്‍ കൂടുതല്‍ തുക കരാര്‍, ഉപ കരാര്‍ എന്നീ ഇനങ്ങളിലായി ഒരു സ്ഥാപനത്തില്‍ നിന്നും കിട്ടിയാല്‍ അതിനു 1% TDS ബാധകമാണ്. എന്നാല്‍ തുക കിട്ടുന്നത് വ്യക്തികള്‍ക്കോ ഹിന്ദു ആവിഭക്ത കുടുംബങ്ങള്‍ക്കോ അല്ലെങ്കില്‍ 2% TDS പിടിക്കുന്നതാണ്. വര്‍ഷം കൊടുക്കുന്ന തുക 75,000 രൂപയില്‍ താഴെ ആണെങ്കിലും ഒരു ബില്ലില്‍ തുക 30,000 രൂപയില്‍ കൂടുതല്‍ ആണെങ്കിലും TDS പിടിക്കേണ്ടതാണ്. എന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള കരാറുകള്‍ക്ക് TDS ബാധകമല്ല.
6. ബ്രോക്കറേജ്, കമ്മീഷന്‍ (വകുപ്പ് 194 H) : ബ്രോക്കറേജ്, കമ്മീഷന്‍ എന്നീ ഇനങ്ങളില്‍ വര്‍ഷം 5,000 രൂപയില്‍ കൂടുതല്‍ ഒരു വ്യക്തിക്ക് ഒരു ബിസിനസ്സ് സ്ഥാപനത്തില്‍ നിന്നും കിട്ടിയാല്‍ അതില്‍ 10 % TDS പിടിക്കുന്നതാണ്. എന്നാല്‍ വകുപ്പ് 194 D പ്രകാരം ഇന്‍ഷുറന്‍സ് കമ്മീഷന്‍ 20,000 രൂപയില്‍ കൂടുതല്‍ ഒരു വര്‍ഷം ഒരു സ്ഥാപനത്തില്‍ നിന്ന് കിട്ടിയാല്‍ മാത്രമേ TDS പിടിക്കേണ്ടതൊള്ളൂ. ഇന്‍ഷുറന്‍സ് കമ്മീഷന്‍ 20,000 രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ മൊത്തം കമ്മീഷനില്‍ 10 % നികുതി പിടിക്കുന്നതാണ്.
7. പ്രൊഫഷണല്‍ ഫീ, ടെക്‌നിക്കല്‍ സര്‍വീസ് ഫീ:  ഈ ഇനത്തില്‍ ഒരു വര്‍ഷം ഒരു സ്ഥാപനത്തില്‍ നിന്ന് 30,000 രൂപയില്‍ കൂടുതല്‍ കിട്ടിയാല്‍ പ്രസ്തുത തുകയില്‍ 10 % TDS പിടിക്കേണ്ടതാണ്. വക്കീല്‍മാര്‍ ഡോക്ടര്‍മാര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ തുടങ്ങിയവര്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ ആശുപത്രികള്‍, കമ്പനികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവര്‍ തരുന്ന ഫീസിനു മാത്രമേ ഇത് ബധകമുള്ളൂ. ബിസിനസ്സ് ആവശ്യങ്ങള്‍ക്കല്ലാതെ കൊടുക്കുന്ന ഫീസിനു TDS പിടിക്കേണ്ടതില്ല.
8. പുതിയ വകുപ്പ് 194 IA: പ്രസ്തുത വകുപ്പ് പ്രകാരം ഭൂമിയോ കെട്ടിടമോ വാങ്ങുമ്പോള്‍ വില 50 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ വാങ്ങുന്നയാള്‍ മൊത്തം വിലയുടെ ഒരു ശതമാനം TDS പിടിച്ച് സര്‍ക്കാരിലേക്ക് അടക്കേണ്ടതാണ്. വാങ്ങുന്ന ഭൂമി കൃഷി ഭൂമി ആണെങ്കില്‍ മേല്‍പറഞ്ഞവ ബാധകമല്ല. ഇങ്ങനെ പിടിച്ച നികുതി അടയ്ക്കാന്‍ വില്‍ക്കുന്ന ആളിന് പാന്‍ നമ്പര്‍ പോലും നിര്‍ബന്ധമില്ല.
TDS പിടിച്ചാല്‍ (deductor) നാം ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍ എന്തൊക്കെയാണ്?
TDS പിടിച്ചാല്‍ അടുത്ത മാസം 7 നു മുമ്പായി അത് സര്‍ക്കാരിലേക്ക് അടക്കേണ്ടതാണ്. കൂടാതെ എല്ലാ ത്രൈമാസത്തിലും റിട്ടേണ്‍ കൊടുക്കേണ്ടതാണ്. ഇങ്ങനെ റിട്ടേണ്‍ കൊടുത്തകഴിഞ്ഞാല്‍ ആരുടെ വരുമാനത്തില്‍ നിന്നാണോ TDS പിടിച്ചത് അവര്‍ക്ക് പ്രസ്തുത തുക ക്രെഡിറ്റ് കിട്ടുന്നതാണ്. ഇത്തരത്തില്‍ ഒരാളുടെ വരുമാനത്തില്‍ നിന്ന് പിടിച്ച തുക മൊത്തം ആ വ്യക്തിയുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് വന്നോ എന്ന് ഫോം 26 AS നോക്കി ഉറപ്പുവരുത്തണം. ഈ ഫോം ആധായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും നോക്കാവുന്നതാണ്. അങ്ങനെ പ്രസ്തുത സമയത്തിനുള്ളില്‍ ക്രെഡിറ്റ് കിട്ടയില്ലെങ്കില്‍ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തണം. റിട്ടേണ്‍ ഫയല്‍ ചെയ്തതിനുശേഷം ക്രെഡിറ്റ് കിട്ടിയില്ലെങ്കില്‍ ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട് ക്രെഡിറ്റ് ഉറപ്പുവരുത്തണം. ഇതിനായി ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. കൂടാതെ വര്‍ഷം അവസാനിച്ച ശേഷം മൊത്തം TDS നും ഒരു സര്‍ട്ടിഫിക്കറ്റും deductor തരേണ്ടതാണ്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ശമ്പളം അല്ലെങ്കില്‍ ഫോം 16 ലും മറ്റു വരുമാനങ്ങളാണെങ്കില്‍ ഫോം 16 A യിലും ആണ്  നല്‍കേണ്ടതാണ്.
ഒരു വ്യക്തിയുടെ (സ്ഥാപനത്തിന്റെയും) വരുമാനത്തില്‍  TDS ബാധകമാണെങ്കില്‍ (ഭൂമി, സ്ഥലം എന്നിവ വിറ്റുകിട്ടുന്ന തുകയൊഴിച്ച്) ആ വ്യക്തി (സ്ഥാപനം) നിര്‍ബന്ധമായും പാന്‍ നമ്പര്‍ എടുക്കേണ്ടതാണ്. പ്രസ്തുത പാന്‍ നമ്പര്‍ deductor ക്ക് കൊടുക്കണം. ഇല്ലാത്തപക്ഷം 20 TDS ശതമാനം കിഴിക്കുന്നതാണ്. മാത്രമല്ല, അടച്ച TDS ന്റെ ക്രെഡിറ്റ് കിട്ടുന്നതല്ല.
ആധായനികുതി റിട്ടേണ്‍ കൊടുക്കുമ്പോള്‍ മൊത്തം TDS തുകയും മൊത്തം നികുതിയില്‍ നിന്നും കുറക്കാവുന്നതാണ്. ആധായനികുതി റിട്ടേണില്‍ TDS പിടിച്ച ബാധകമല്ലാത്ത വരുമാനവും കാണിക്കേണ്ടതാണ്. പ്രസ്തുത മൊത്തം വരുമാനത്തില്‍ നിന്നും, ലഭ്യമായ എല്ലാ കിഴുവുകളും (ഉദാ : ലൈഫ് ഇന്‍ഷൂറന്‍സ്, ഹൗസ് ലോണ്‍ തിരിച്ചടവ്, mediclaim) കുറക്കാവുന്നതാണ്. അതിനുശേഷം ബാക്കി വരുമാനത്തില്‍ നികുതി കണക്കാക്കണം. അങ്ങനെ കിട്ടിയ നികുതിയില്‍ TDS ആയി പിടിച്ചിരിക്കുന്ന മൊത്തം തുകയും കുറക്കാവുന്നതാണ്. ചുരുക്കത്തില്‍ പിടിക്കുന്നതുകൊണ്ട് ആര്‍ക്കും ഒരു നഷ്ടവും ഉണ്ടാവുന്നില്ല. TDS ബാധകമായ വരുമാനത്തില്‍ പിടിച്ചില്ലെങ്കില്‍ പ്രസ്തുത വരുമാനത്തിലും നികുതി അടയ്ക്കണം. ചുരുക്കത്തില്‍ TDS പിടിച്ചില്ല എന്ന കാരണം കൊണ്ട് ആ വരുമാനത്തില്‍ നികുതി അടക്കാനുള്ള ബാധ്യത ഒഴിവാകുന്നില്ല. TDS ഉം അനുബന്ധ വകുപ്പുകളും ഒത്തിരി സങ്കീര്‍ണം ആണ്. അവയെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടായേ മതിയാകൂ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>