പരിശുദ്ധ മറിയത്തിന്റെ മനോഭാവം സ്വന്തമാക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ശ്രദ്ധയോടെയുള്ള കേള്‍വിയുടെയും തീരുമാനത്തിന്റെയും പ്രവൃത്തിയുടെയും സ്ത്രീയായ മറിയത്തിന്റെ മനോഭാവം സ്വന്തമാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. മരിയ മാസത്തിന്റെ സമാപനത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ആഘോഷപൂര്‍വം നടന്ന മെഴുകുതിരി പ്രദക്ഷിണത്തിന്റെ സമാപന പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ പുത്രനായ യേശുവിലേക്ക് നമ്മെ എത്തിക്കുന്ന കൈകളാണ് അമ്മയുടേത്. അവള്‍ തന്റെ ജീവിത യാത്രയെ തികഞ്ഞ യാഥാര്‍ഥ്യത്തോടെയും മാനവികതയോടെയും പ്രായോഗികതയോടെയും സ്വീകരിച്ചു. മറിയത്തിന്റെ മനോഭാവത്തെ മൂന്നു വാക്കുകളില്‍ സംക്ഷേപിക്കാം. ശ്രദ്ധയോടെയുള്ള കേള്‍വി, തീരുമാനം, പ്രവൃത്തി. കര്‍ത്താവ് നമ്മോട് ആവശ്യപ്പെടുന്നവ ജീവിതത്തില്‍ നിറവേറ്റുവാന്‍ നാമും സ്വീകരിക്കേണ്ടവയാണ് ഈ മൂന്നു കാര്യങ്ങളെന്ന് മാര്‍പാപ്പ പറഞ്ഞു.
ചരിത്രത്തിലാദ്യമായി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സഹായികളായുള്ള വിദഗ്ധ തൊഴിലാളികള്‍ (സാമ്പിയത്രിനികള്‍) ആണ് സംവഹിച്ചത്. അശ്വാരൂഢ സേനയും സ്വിസ് ഗാര്‍ഡുകളും അകമ്പടി സേവിച്ചു.
മുന്‍കാലങ്ങളില്‍ പരമ്പരാഗത മെഴുകുതിരി പ്രദക്ഷിണം വത്തിക്കാന്‍ പൂന്തോട്ടത്തിലൂടെ ലൂര്‍ദ് ഗ്രോട്ടോയില്‍ സമാപിക്കുകയായിരുന്നു.
എന്നാല്‍ ഈ വര്‍ഷം പ്രദക്ഷിണത്തില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ത്ഥാടകരുടെ ബാഹുല്യം കണക്കിലെടുത്ത് ആഘോഷപരിപാടികള്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചത്വരത്തിലേക്ക് മാറ്റുകയായിരുന്നു. ബസിലിക്ക അങ്കണത്തില്‍ തന്റെ ഇരിപ്പിടത്തില്‍ ഇരുന്ന് മാര്‍പാപ്പ പ്രദക്ഷിണം വീക്ഷിച്ചു.