എന്നും വിശ്വാസത്തിന്റെ ‘പുത്തന്‍വേലിക്കര’

By on November 30, 2013
Pithrekam

ഒറ്റക്കല്ലില്‍ തീര്‍ത്ത വലിയകുരിശ്. അതിനോടു ചേര്‍ന്നു മുളയും വൈക്കോലും ഉപയോഗിച്ചുണ്ടാക്കിയ ഷെഡ്. ഇതായിരുന്നു പുരാതന ക്രൈസ്തവ പാരമ്പര്യമുള്ള പുത്തന്‍വേലിക്കര പള്ളിയുടെ തുടക്കം. ആദ്യം പറവൂര്‍ ഇടവകയുടെയും പിന്നീട് ചേന്ദമംഗലം ഇടവകയുടെയും പരിധിയിലായിരുന്നു പുത്തന്‍വേലിക്കര പ്രദേശം. നാടുവാഴിയുടെ കല്‍പ്പന പ്രകാരം കരം ഒഴിവാക്കി പതിച്ചുകിട്ടിയ തളിയന്‍ മനവക പറമ്പിലെ ആ വൈക്കോല്‍ പള്ളിയില്‍ നിന്നുള്ള യാത്ര ഇന്നു എത്തി നില്‍ക്കുന്നത് അതിമനോഹരമായ, വിശാലമായ ദേവാലയത്തിലാണ്.
1820 ല്‍ ഇവിടെ സെന്റ് ജോര്‍ജ് ദേവാലയം പണിതുയര്‍ത്തി. പിന്നീട് ഇതു ഇടവകയായി. ഈ ഇടവകയുടെ കീഴില്‍ പുത്തന്‍വേലിക്കര വടക്കുംമുറിയില്‍ ഇന്‍ഫന്റ് ജീസസ് പള്ളി സ്ഥാപിതമായപ്പോള്‍, സെന്റ് ജോര്‍ജ് പള്ളി, മാളവന പള്ളി എന്നറിയപ്പെടാന്‍ തുടങ്ങി. 1923ല്‍ പുത്തന്‍വേലിക്കര (ചിറ്റാര) ഉണ്ണിമിശിഹാ പള്ളിയും 1958ല്‍ മടത്തുംപടി സെന്റ് അഗസ്റ്റിന്‍ പള്ളിയും 1972ല്‍ ആലമറ്റം പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയും ഈ ഇടവകയില്‍ നിന്നു രൂപംകൊണ്ടു.
പഴയ പള്ളിയില്‍ കാലാന്തരത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു. നവീകരണത്തോടൊപ്പം വിശാലമായ സെമിത്തേരിയും കപ്പേളയും പാരിഷ് ഹാളും പുതിയ മദ്ബഹായുമൊക്കെ നിലവില്‍ വന്നു. 1970 ല്‍ ഇടവകയുടെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചു പള്ളിയുടെ നേതൃത്വത്തില്‍ നാലേക്കറിലധികം ഭൂമി വാങ്ങി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തു. ഇതിലെ വീടുകളുടെ ആശിര്‍വാദം 1971ല്‍ ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളമാണ് നിര്‍വഹിച്ചത്. വിവിധ കാലങ്ങളില്‍ ഉദാരമതികള്‍ നല്‍കിയ സംഭാവനകളാണ് പള്ളിക്കടവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ കപ്പേളയും മാളവന ജംക്ഷനിലെ വിശുദ്ധ യൗസേപ്പിതാവിന്റെ കപ്പേളയും ഫെറിയിലെ സെന്റ് സെബാസ്റ്റ്യന്‍ കപ്പേളയും വട്ടേക്കാട് കുന്നിലെ സെന്റ് ജോസഫ് കപ്പേളയും. വിശ്വാസ ചൈതന്യത്തിന്റെ വിശുദ്ധ പാരമ്പര്യവും പൈതൃകവും ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഈ പ്രാര്‍ഥനാകേന്ദ്രങ്ങള്‍ പുത്തന്‍വേലിക്കര പ്രദേശത്തിന്റെ തിലകക്കുറികളാണ്.
1926ല്‍ ആരംഭിച്ച് വിവിധ കാലഘട്ടങ്ങളിലൂടെ വളര്‍ന്നു പന്തലിച്ച സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍, സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി കോണ്‍വെന്റ്, പ്രേഷിതാരാം സിസ്റ്റേഴ്‌സ് കോണ്‍വെന്റ് എന്നിവയെല്ലാം ഈ നാടിന്റെ വിദ്യാഭ്യാസ, സാമൂഹിക സാംസ്‌കാരിക മാറ്റത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.
കുടുംബസമ്മേള യൂണിറ്റുകളും ഭക്തസംഘടനകളും പുത്തന്‍വേലിക്കര ഇടവകയുടെ ധന്യമായ ക്രൈസ്തവ ജീവിതത്തിന് ഊടുംപാവും നല്‍കി വിരാജിക്കുന്നു. പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം 2006 ഏപ്രില്‍ 23 നു മാര്‍ ജയിംസ് പഴയാറ്റില്‍ നടത്തി. 2008ല്‍ നവീകരിച്ച വൈദിക മന്ദിരവും ഹാളും 2009 ജനുവരി നാലിനു പുതിയ ദേവാലയവും അദ്ദേഹം വെഞ്ചരിച്ചു.
ഒട്ടേറെ പ്രഗത്ഭ വ്യക്തികള്‍ക്ക് ജന്മം കൊടുത്തിട്ടുള്ള നാടാണ് പുത്തന്‍വേലിക്കര. തൃശൂര്‍ രൂപതയുടെ സാരഥിയായിരുന്ന മാര്‍ ഫ്രാന്‍സിസ് വാഴപ്പിള്ളിയുടെ ജന്മദേശമാണിത്. എംഎംബി സന്യാസസഭാ സ്ഥാപകനായ മോണ്‍. സക്കറിയാസ് വാഴപ്പിള്ളിയും പുത്തന്‍വേലിക്കരയുടെ പുത്രന്‍തന്നെ. പള്ളിയുടെ പ്രാരംഭത്തിനുവേണ്ടി യത്‌നിച്ചവരും കാലപ്രവാഹത്തില്‍ അതിന്റെ വികാസ പരിണാമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചവരുമായ എത്രയെത്ര വൈദികരും അല്‍മായരും സന്യസ്തരും നടന്നുപോയ പവിത്രമായ മണ്ണാണിത്!
അവികസിതമായിരുന്ന ഒരു ദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവും ആധ്യാത്മികവുമായ വളര്‍ച്ചയ്ക്ക് രാസത്വരകമായി നിലകൊണ്ട പുത്തന്‍വേലിക്കര ഇടവകപള്ളിയുടെ ചരിത്രം, ഇവിടത്തെ വിശ്വാസി സമൂഹത്തിന്റെ ദൃഢമായ ക്രൈസ്തവ ചൈതന്യത്തിന്റെ പ്രകാശ രശ്മികളാല്‍ ധന്യമായിത്തീര്‍ന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>