എംപറര്‍ തകര്‍ച്ചയിലേക്ക്‌

By on February 1, 2014
Emparar

ഇരിങ്ങാലക്കുട : കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരിങ്ങാലക്കുട രൂപതയില്‍പ്പെട്ട മുരിയാട് പ്രദേശത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസ വിരുദ്ധ പ്രസ്ഥാനമായ എംപറര്‍ ഇമ്മാനുവേല്‍ കൂടാരം തകര്‍ച്ചയിലേക്ക്. ഇക്കാലമത്രയും ഒട്ടേറെ ധാര്‍മ്മിക, സാമൂഹിക, സാമ്പത്തിക നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ചു നിരവധി ക്രൈസ്തവ, അക്രൈസ്തവ കുടുംബങ്ങളെ തെറ്റിദ്ധാരണയിലൂടെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കിയ കൂടാരത്തില്‍ നിന്ന് നൂറുകണക്കിനുപേര്‍ തിരിച്ചുപോരാന്‍ തുടങ്ങി.
ജനുവരി മധ്യത്തില്‍ ഇങ്ങനെ പുറത്തുകടന്ന രണ്ടുവൈദികരുള്‍പ്പെടെ നൂറോളംപേര്‍ കഴിഞ്ഞദിവസം ഇരിങ്ങാലക്കുട ബിഷപ് പോളി കണ്ണൂക്കാടന് തങ്ങളെ കത്തോലിക്കാ സഭയിലേക്ക് തിരിച്ചെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു അപേക്ഷകള്‍ സമര്‍പ്പിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി എംപറര്‍ പ്രസ്ഥാനത്തില്‍ നിന്ന് പലരും രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്രയുംപേര്‍ ഒന്നിച്ചു വിട്ടുപോരുന്നത് ഇതാദ്യമായാണ്. തൃശൂര്‍, കാസര്‍ഗോട്, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍പ്പെട്ടവരാണ് തിരിച്ചുപോന്നവരില്‍ ഏറെയും.
അടുത്ത ദിവസങ്ങളില്‍ തിരിച്ചൊഴുക്ക് അതിശക്തമാകുമെന്നാണ് ജനുവരി അവസാനവാരത്തില്‍ ഈ റിപ്പോര്‍ട്ട് എഴുതുമ്പോഴുള്ള സ്ഥിതി. ജനുവരി 30ന് എംപറര്‍ കൂടാരത്തില്‍ നടക്കുന്ന ‘കൂടാരതിരുനാള്‍’ കഴിയുന്നതോടെ തിരിച്ചുപോരുന്നവരുടെ എണ്ണം പതിന്മടങ്ങായി വര്‍ധിക്കുമെന്നാണ് സൂചന.
തിരിച്ചുപോന്നവരെ സഹിഷ്ണുതയോടെ സഭയിലേക്ക് സ്വീകരിക്കുമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം രൂപതയില്‍പ്പെട്ടവരെ നേരിട്ട് വികാരിമാര്‍ വഴിയും മറ്റു രൂപതകളില്‍പ്പെട്ടവരെ അതതു രൂപതാധ്യക്ഷന്മാരും വികാരിമാരും വഴിയുമായിരിക്കും സഭയിലേക്ക് പുനര്‍ പ്രവേശിപ്പിക്കുക. കേരളമെത്രാന്‍ സമിതി ഇതു സംബന്ധിച്ചു സ്വീകരിച്ചിട്ടുള്ള നടപടി ക്രമങ്ങള്‍വഴിയായിരിക്കും ഇവരുടെ തിരിച്ചെടുക്കല്‍.
തിരിച്ചുപോരുന്നവര്‍ക്ക് സര്‍വവിധ സംരക്ഷണവും നല്‍കുമെന്നും ഭീഷണികളോ സമ്മര്‍ദ തന്ത്രങ്ങളോ ഉണ്ടായാല്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ അവ നേരിടുമെന്നും രൂപത അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കൂടാരം ഉപേക്ഷിച്ചവരെ കരിതേയ്ച്ചു കാണിക്കാനും, പോകാന്‍ ഒരുങ്ങുന്നവരെ ഭീഷണിപ്പെടുത്താനും വ്യാപകമായ ശ്രമം നടക്കുന്നതായി സൂചനയുണ്ട്.
ഇപ്പോഴത്തെ സ്ഥിതി വളരെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് പ്രസ്ഥാനത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. വരുംദിനങ്ങളില്‍ കൂടുതല്‍പേര്‍ കൂടാരത്തില്‍ നിന്നു കൊഴിഞ്ഞുപോകുന്നതോടെ, എംപറര്‍ പ്രസ്ഥാനത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമായി അവശേഷിക്കും.
കത്തോലിക്കാ വിശ്വാസത്തെയും ആചാര, അനുഷ്ഠാനങ്ങളെയും വൈദികരെയും സന്യസ്തരെയും ജീവിത ശൈലിയെയും നഖശിഖാന്തം എതിര്‍ത്ത് തങ്ങളുടെ കൂടാരത്തിലേക്ക് പലരെയും ആകര്‍ഷിക്കുകയായിരുന്നു കൂടാര നടത്തിപ്പുകാര്‍. ബൈബിളിനെ ദുര്‍വ്യാഖ്യാനം ചെയ്ത്, ലോകാവസാനം അടുത്തിരിക്കുന്നുവെന്നും ഇമ്മാനുവേല്‍ എന്ന രക്ഷന്‍ പിറന്നിരിക്കുന്നുവെന്നും തങ്ങളുടെ സ്വത്തുക്കളെല്ലാം കൂടാരത്തിന് അടിയറവ് വയ്ക്കണമെന്നും അങ്ങനെ പുതിയ ജീവിതരീതി സ്വീകരിക്കണമെന്നും പ്രചരിപ്പിച്ചാണ് ഇവര്‍ ആളുകളെ കൂടെക്കൂട്ടിയത്. ഇതുവഴി നിരവധി കുടുംബങ്ങളില്‍ അന്തഃഛിദ്രവും കുടുംബത്തകര്‍ച്ചയും വഴക്കും കേസുകളും ഉണ്ടായി. വിവാഹമോചനങ്ങള്‍ വര്‍ധിച്ചു. കൂടാരത്തിനു പുറത്തുള്ള ക്രൈസ്തവരും മറ്റു മതസ്ഥരും സാത്താന്റെ സന്തതികളാണെന്നും അവരൊക്കെ നശിക്കുവാന്‍ വിധിക്കപ്പെട്ടവരാണെന്നും കൂടാരത്തിലെ ‘ധ്യാന’ങ്ങളിലും അവര്‍ നടത്തുന്ന ‘കൂട്ടായ്മ’കളിലും വ്യാപകമായ പ്രചാരണം നടത്തിയാണ് പലരെയും കെണിയില്‍പ്പെടുത്തിയത്. 85 വിവാഹമോചനങ്ങളാണ് ഇതുവരെയുണ്ടായത്.
പ്രസ്ഥാനത്തില്‍ ചേരുന്നവര്‍ വിവാഹം കഴിക്കുവാന്‍ പാടില്ലെന്നും പ്രസവം നിഷിദ്ധമാണെന്നുമായിരുന്നു മറ്റൊരു നിബന്ധന. കാരണം, പ്രസ്ഥാനത്തിനു പുറത്തുവച്ചുണ്ടാകുന്ന ഗര്‍ഭധാരണത്തിലെ ശിശു സാത്താന്റെ സന്തതിയായി ചിത്രീകരിക്കുകയായിരുന്നു.
പ്രസ്ഥാന സ്ഥാപകന്റെയും അയാളുടെ വലംകൈയ്യായി പ്രവര്‍ത്തിക്കുന്ന സ്ത്രീയുടെയും വാക്കുകള്‍ വിശ്വസിച്ച് നിരവധി സ്ത്രീകള്‍ ഭ്രൂണഹത്യ ചെയ്യുകയും ഇതുവഴി മാനസികമായി തകരുകയും ചെയ്തു. എങ്കിലും വിവാദങ്ങളും ആരോപണങ്ങളും പത്രമാധ്യമങ്ങളിലെ വിമര്‍ശനങ്ങളും അതിജീവിച്ച് പ്രസ്ഥാനം നിലനില്‍ക്കുകയായിരുന്നു. ഇതിനുള്ള പ്രധാന കാരണം അംഗങ്ങള്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റു നല്‍കുന്നതുവഴിയും ‘ധ്യാന’ സന്ദര്‍ഭങ്ങളില്‍ നല്‍കുന്ന സംഭാവനകള്‍ വഴിയും കിട്ടിക്കൊണ്ടിരുന്ന കോടിക്കണക്കിനു രൂപയുടെ സ്വത്തായിരുന്നു. ഒരു ഭാഗത്ത് ഈ പണമുപയോഗിച്ച് വമ്പന്‍ കെട്ടിട സമുച്ചയവും മുരിയാട് കായല്‍ പ്രദേശം വാങ്ങി നികത്തി മറ്റു സംവിധാനങ്ങളും നിര്‍മിച്ചു; മറുഭാഗത്ത് ഒറ്റപ്പെട്ട എതിര്‍പ്പിന്റെ ശബ്ദങ്ങളെ കൈക്കരുത്തും പണക്കരുത്തും ഉപയോഗിച്ച് ഒതുക്കി.
ഇങ്ങനെ എംപറര്‍ കെണിയില്‍പെട്ട് പുറത്തു കടക്കാനാവാതെ നരകിച്ചവരും പിന്നീട്, ഒറ്റയ്ക്ക് രക്ഷപ്പെട്ടവരും മാനസിക രോഗികളായി ആത്മഹത്യ ചെയ്തവരും ഏറെയുണ്ട്. കൂടാരത്തില്‍ നടക്കുന്ന അവിഹിത കാര്യങ്ങളെ ചോദ്യം ചെയ്ത മുരിയാട് പ്രദേശത്തെ നാട്ടുകാരുടെ ആക്ഷന്‍ കമ്മിറ്റിയെപ്പോലും ഭീഷണിയും സമ്മര്‍ദ്ദ പ്രലോഭന തന്ത്രങ്ങളുംവഴി ഏറെക്കുറെ നിര്‍വീര്യമാക്കി. പലതവണ നാട്ടുകാരുമായി പ്രശ്‌നങ്ങളുണ്ടായി. അപ്പോഴൊക്കെ പ്രദേശത്തെ രാഷ്ട്രീയ നേതാക്കള്‍ കൂടാരത്തിനു തുണയായി നിന്നു. ഇക്കാര്യത്തില്‍ യുഡിഎഫ് എന്നോ എല്‍ഡിഎഫ് എന്നോ വേര്‍തിരിവുണ്ടായില്ല. പൊലിസും കോടതിയും നിസഹായരായി നോക്കി നിന്നു.
ഇങ്ങനെ വര്‍ഷങ്ങളായി എംപറര്‍ കൂടാര നടത്തിപ്പുക്കാര്‍ കെട്ടിപ്പൊക്കിയ ദുരൂഹതകളുടെയും കൈക്കരുത്തിന്റെയും കോട്ടകൊത്തളങ്ങളിലാണ് ഇപ്പോള്‍ വിള്ളലുകള്‍ വീണിരിക്കുന്നത്. പ്രസ്ഥാനത്തിന്റെ നടത്തിപ്പിനെപ്പറ്റിയും പണമിടപാടുകാര്യങ്ങളെപ്പറ്റിയും പരാതികളേറെയുണ്ടെങ്കിലും തകര്‍ച്ചയിലേക്ക് വാതില്‍ തുറന്നതിന്റെ പ്രധാനകാരണം കൂടാരത്തിലെ ധാര്‍മിക ച്യുതിയാണെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു. സ്ഥാപക നേതാവിനു അവിടത്തെ മുഖ്യ നടത്തിപ്പുകാരിയായ സ്ത്രീയുമായുള്ള അവിഹിത ബന്ധത്തിന്റെ വിവരങ്ങള്‍ അവര്‍ പറയുന്നു.
റിട്ട. അധ്യാപകനും ഗൃഹസ്ഥനുമായ സ്ഥാപകന് ആ സ്ത്രീയില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നിട്ടുണ്ടെന്നുള്ള വിവരം ഈയിടെയാണത്രെ കാട്ടുതീപോലെ പ്രസ്ഥനമാകെ കത്തിപ്പടര്‍ന്നത്. ധാര്‍മികതയെയും നിത്യജീവനെയും രക്ഷകനെയുംപറ്റി വാചാലമായി പ്രസംഗിക്കുന്ന സ്ഥാപകനേതാവിന്റെ ഇരട്ടമുഖം പുറത്തുവന്നതോടെ, പ്രസ്ഥാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഭൂരിഭാഗം പേരും രക്ഷപ്പെടാന്‍ ഒരുങ്ങുകയായിരുന്നു.
തകര്‍ച്ചയിലേക്ക് നയിച്ച രണ്ടാമത്തെ കാരണം, വിശ്വാസസംബന്ധമായ കാര്യങ്ങളില്‍ പ്രസ്ഥാനം സമീപകാലത്ത് കൈകൊണ്ട ഇരട്ടത്താപ്പ് നയമാണ്. ഇതുവരെ കത്തോലിക്കാസഭയിലെ കുര്‍ബാന, കൂദാശകള്‍, ദിവ്യകാരുണ്യ ആരാധന എന്നിവയെ അനുകരിച്ചു പലതും ചെയ്തിരുന്നെങ്കിലും ഏതാനും മാസങ്ങളായി ഇവയൊക്കെ നിരോധിച്ചു. ഇപ്പോള്‍ ആകെ അവിടെയുള്ളത് ബൈബിള്‍ വായനയും സ്ഥാപകനേതാവ് അതേപ്പറ്റി നടത്തുന്ന വ്യാഖ്യാനവും മാത്രമാണ്.
ഏറെയും ഉറച്ച കത്തോലിക്കാ വിശ്വാസപാരമ്പര്യത്തില്‍ വളര്‍ന്നവരും എന്തൊക്കെയോ പ്രതീക്ഷിച്ച് കൂടാരത്തില്‍ ചേക്കേറിയവരുമായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ക്ക് കൂടാരക്കാരുടെ കളംമാറ്റി ചവിട്ടല്‍ ഉള്‍ക്കൊള്ളാനായില്ല. തങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നുവെന്ന് വൈകിയാണെങ്കിലും അവര്‍ തിരിച്ചറിഞ്ഞു. എന്നുമാത്രമല്ല, ഏതാനും നാള്‍ വരെ അവര്‍ക്കുവേണ്ടി കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും നടത്തിക്കൊണ്ടിരുന്ന വൈദികരെ അവയില്‍നിന്നു വിലക്കുന്നതിനും അംഗങ്ങള്‍ സാക്ഷികളായി.
ഈ അവസ്ഥയില്‍ കൂടാരത്തിലുണ്ടായ രണ്ടു വൈദികരും പ്രസ്ഥാനം വിടാന്‍ തീരുമാനിച്ചത് രക്ഷാമാര്‍ഗം കാത്തിരുന്നവര്‍ക്ക് പ്രചോദനമായി. കഴിഞ്ഞ മാസം മധ്യത്തോടെ വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫാ. ജോസഫ്, ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. റോബി വളപ്പില എന്നിവരും പ്രസ്ഥാനത്തിന്റെ നെടുംതൂണുകളായ അഭിഭാഷകരും വാണിജ്യ പ്രമുഖരുമായ ഏതാനും പേരും കൂടാരം വിട്ടിറങ്ങിയപ്പോള്‍, അവരോടൊപ്പം നൂറിലേറെപ്പേരും ചേരുകയായിരുന്നു.
എംപറര്‍ പ്രസ്ഥാനത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി വരും നാളുകളില്‍ കൂടുതല്‍ രൂക്ഷമാകുമെന്ന ശക്തമായ സൂചന ഇപ്പോഴുണ്ട്.

2 Comments

  1. lionaljohn

    February 4, 2014 at 6:57 am

    i believe

  2. AntonyThondanpallil

    February 4, 2014 at 5:05 pm

    Isaiah 1:18-20 to read and compromise and turn away from their sinn and come back to the Church,

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>