മുന്തിരിവള്ളികള്‍ തളിര്‍ക്കുകയാണ് സ്വര്‍ഗത്തിലേക്കുള്ള ദൂരം കുറച്ച്

By on February 25, 2017
1485369639_munthirivallikal-thalirkkumbol-2017-movie-mp3-songs-download

മുന്തിരിവള്ളികള്‍ തളിര്‍ക്കുകയാണ് സ്വര്‍ഗത്തിലേക്കുള്ള ദൂരം കുറച്ച്

ജോമി തോട്ട്യാന്‍

‘തനിച്ചിരിക്കുമ്പോള്‍ ഈ വീടൊരു നരകമാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ എനിക്കൊരു കാര്യം മനസിലായി നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലേക്കെത്താന്‍ അധികം ദൂരമില്ലെന്ന്’.  ആമി പറഞ്ഞു തീരും മുമ്പ് ഉന്നച്ചന്‍ കൂട്ടിചേര്‍ത്തു : ‘ഇനി എന്നും ഈ വീടൊരു സ്വര്‍ഗമായിരിക്കും’. വിവാഹശേഷമുള്ള അകല്‍ചകള്‍ മരവിപ്പ് നിറച്ചിരുന്ന ജീവിതത്തിന്റെ പരുപ്പരപ്പില്‍ പ്രണയം നിര്‍വൃതിയായി പെയ്തിറങ്ങിയപ്പോള്‍ ആനിയമ്മ (മീന) ഉലഹന്നാനുമൊപ്പം (മോഹന്‍ലാല്‍) സ്വര്‍ഗം തീര്‍ക്കുകയാണ്; അനശ്വര പ്രണയത്തിന്റെ ശാശ്വതമായ ഒരനുഭൂതിതലം. പ്രായമാകുന്നതോടെ വറ്റിവരളേണ്ട ഉറവയല്ല പ്രണയമെന്നും ഒന്നു തൊട്ടുണര്‍ത്തിയാല്‍ നിലയ്ക്കാതെ ഒഴുകുന്ന പുഴയാണതെന്നും  പ്രേഷക ഹൃദയങ്ങളില്‍ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിലൂടെ ജിബു ജേക്കബ് വരച്ചുതീര്‍ക്കുന്നു. ‘മൈ ലൈഫ്  ഈസ് മൈ വൈഫ്’ എന്ന ടാഗോടു കൂടി ഇറങ്ങിയ ചിത്രം ദാമ്പത്യബന്ധത്തിന്റെ പവിത്രതയിലാണ് സംതൃപ്തിയുടെ പൂര്‍ണതയെന്ന് ആസ്വാദക ലോകത്തെ പഠിപ്പിക്കുകയാണ്.

വി. ജെ. ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ അവലംബമാക്കിയാണ് എം.സിന്ധുരാജ് ഈ ചിത്രത്തിന് തിരകാവ്യമൊരുക്കിയിരിക്കുന്നത്. പ്രണയോപനിഷത്ത് എന്ന കഥയിലെ ക്ലൈമാക്‌സ് രംഗം ഇങ്ങനെ വായിക്കാം : ”ഭൂമിയിലെ സകല ദമ്പതികളോടും എനിക്കിപ്പോള്‍ നെഞ്ചില്‍ തൊട്ട് പറയാനുള്ളതെന്തെന്നാല്‍, പ്രണയത്തിലെ കൈകുറ്റപ്പാടുകള്‍ തിരുത്തി നിങ്ങള്‍ സത്യപ്രണയത്തെ വീണ്ടെടുക്കുക എന്നാണ്. വീടിനു പുറത്തല്ല അകത്തു തന്നെയാണ് പ്രണയം തേടേണ്ടത്. ഒന്നിനെ വെട്ടിമാറ്റി മറ്റൊരിടത്ത് പോകുന്നവന്‍ സ്വന്തം പ്രശ്‌നങ്ങളെ മാത്രമാണ് കൂട്ടികൊണ്ടുപോകുന്നത്. എല്ലാ സുഭഗതയോടെയും പ്രണയം  മടങ്ങി വരുന്നതിന് അനുഭവസ്ഥനാണെന്നതിനാല്‍ എനിക്കത് പറയാന്‍ അവകാശമുണ്ട് എന്നു തന്നെ ഞാന്‍ കരുതുന്നു. യൗവനകാലത്ത് പങ്കിട്ടതിനേക്കാള്‍ ആഴമേറിയ പ്രണയസംഗമങ്ങളിലൂടെ കോശങ്ങള്‍ക്കിടയിലെ അദൃശ്യബലമാണ് പ്രണയമെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍ പ്രോട്ടോണിനും ന്യൂട്ടോണിനുമിടയിലെ സൂക്ഷ്മബലത്തെ മഹാ ഊര്‍ജമായി വിഘടിപ്പിക്കുംപോലെ പ്രണയോര്‍ജത്തെ സ്വതന്ത്രമാക്കുക……തുടര്‍ന്ന് ഉലഹന്നാന്‍ ഡയറിയില്‍ കുറിച്ചു. ‘പ്രണയിക്കാന്‍ ഭാര്യയായാലും മതി’….. അന്നേദിവസം തന്നെ ആനിയമ്മ പറഞ്ഞു : ”ഇച്ചായാ, ഒരു കാര്യമെനിക്കു മനസിലായി. പ്രേമിക്കാന്‍ ഭര്‍ത്താവായാലും മതി”. (പ്രണയോപനിഷത്ത്)

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാധാരണ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമയില്‍ കഥ മുന്നോട്ടു പോകുന്നത്. അജ്ഞാതമായ കാരണങ്ങളാല്‍ ജീവിതത്തില്‍ വിരക്തി അനുഭവിക്കുന്ന ഉലഹന്നാന്‍ – ആനിയമ്മ ദമ്പതികള്‍. സ്‌നേഹം വറ്റിപ്പോയ ഒരു കുടുംബജീവിതത്തിലെ നേര്‍കാഴ്ചകള്‍ പലതലങ്ങളായി തുടര്‍ന്നു സ്‌ക്രീനില്‍ നിറയുന്നു.

‘മൊത്തത്തിലൊരു ബോറടിയാ. ജീവിച്ചു ജീവിച്ചു ജീവിതം തന്നെ ഡ്രൈയായി പോയി’. ഈണം നഷ്ടപ്പെട്ട ജീവിതാവസ്ഥ വിവരിക്കുന്ന ഉലഹന്നാന് മറുപടി പറയുന്നത് കോളജ് കാലഘട്ടത്തിലെ കാമുകി ഇന്ദുലേഖയാണ്. ‘ഈ സന്തോഷമെന്നു പറഞ്ഞ സാധനം ആരും വീട്ടില്‍ കൊണ്ടുവന്ന് തരില്ല. അത് നമ്മള്‍ സ്വയമുണ്ടാക്കിയെടുക്കണം. അല്ലെങ്കില്‍ ജീവിതം കാടുകയറിപോകും’.

ഉള്ളില്‍ തളിരിടുന്ന പ്രണയത്തെ അനുഭവമാക്കാന്‍ ഒരു മുഖം തേടി അലയുന്ന ഉലഹന്നാന്‍ കണ്ടെത്തുന്നത് ബ്യൂട്ടിഷന്‍ ലൂസിയെയാണ്. തന്നെപ്പോലെ പലര്‍ക്കും അവള്‍ പതിനായിരം രൂപ കൊടുക്കാനുണ്ടെന്നറിയുമ്പോള്‍ ഉലഹന്നാന്റെ ലഹരി ഒന്നു ശമിക്കുന്നു.  (നേരറിയണമെങ്കില്‍ സിനിമയിലെ ഈ നര്‍മരംഗം നേരിട്ടു കാണണം).

ലൂസിക്ക് പകരം ഉണ്ണിക്കുട്ടന്‍ നല്‍കിയ നമ്പറില്‍ ഡയല്‍ ചെയ്ത് ഉലഹന്നാന്‍ പറയുന്ന വാക്കുകള്‍ ‘ഹായ്… ഹലോ… ഹൗ ആര്‍ യു…’ കഥാസഞ്ചാരത്തെ മാറ്റിമറിക്കുകയാണ്. ആനിയമ്മയുടെ വാക്കുകളില്‍, ‘സെറ്റിയില്‍ ചുരുണ്ടു കൂടിപ്പോയ എന്നെ ഉണര്‍ത്താന്‍ അത് മതിയായിരുന്നു’.  ഉലഹന്നാനിലും ഭാര്യയെ പ്രണയിക്കാന്‍ ചില കാരണങ്ങളൊരുക്കുകയാണ് തുടര്‍ന്ന് തിരകഥാകൃത്ത്.

ഇതിനിടയില്‍ കൗമാര പ്രണയത്തിന്റെ കൗതുകങ്ങളിലും അസ്വസ്തതകളിലും മൂത്തമകള്‍ ജിനി ചെന്നെത്തുന്നു. ഒടുവില്‍ മാതാപിതാക്കളുടെ സ്‌നേഹതീവ്രത തിരിച്ചറിഞ്ഞ അവള്‍ കാമുകനോട് വ്യക്തമാക്കുന്നു : ‘ഇപ്പോള്‍ പ്രേമിച്ചു നടക്കേണ്ട സമയമല്ല. പഠിക്കാനുള്ള സമയമാണ്. പ്രേമിക്കാന്‍ ഈ ജീവിതകാലം മുഴുവന്‍ സമയമുണ്ട്. കല്യാണം കഴിഞ്ഞും പ്രേമിക്കാം. അതിപ്പോ എനിക്കു നേരിട്ടു ബോധ്യമുള്ള കാര്യമാ. അതുകൊണ്ട് എനിക്കും ഇത് മതീന്ന് ഞാന്‍ തീരുമാനിച്ചു’. പൂത്തുലയുന്ന പ്രണയത്തിന്റെ മുന്തിരിത്തോട്ടങ്ങളിലേക്ക് ഉലഹന്നാനും ആനിയമ്മയും തിരിച്ചുനടക്കുന്നതോടെ പ്രണയോപനിഷിത്തിന്റെ ദൃശാവിഷ്‌കാരം പ്രേഷകരില്‍ ഒരു പുതുപ്രേമത്തിന്റെ ലഹരിയുണര്‍ത്തി തിരശീലയില്‍ മറയുന്നു.

പ്രണയശ്രേഷ്ഠതയെ ഉദാത്തവല്‍ക്കരിക്കുന്ന ഒരു സുവിശേഷകാവ്യമായി മുന്തിരിവള്ളികള്‍ തളിരിടുമ്പോഴും ഇന്നിന്റെ യാഥാര്‍ഥ്യങ്ങള്‍ കഥാപാത്രബിംബങ്ങളായി സ്‌ക്രീനില്‍ നിറയുകയാണ്.

ഭര്‍തൃകഥാപാത്രങ്ങളെല്ലാം തന്നെ അസംതൃപ്തരാണ്. ഭാര്യയുണ്ടെങ്കിലും വിവിധ ഫോണുകളുമായി കണ്ടുമുട്ടന്നവരെയെല്ലാം വളക്കാന്‍ ശ്രമിക്കുന്ന വേണുകുട്ടന്‍, മുഴുവന്‍ സമയവും ബഹിരാകാശ ഗവേഷണവുമായി ലാപ്‌ടോപ്പില്‍ പരതികൊണ്ടിരിക്കുന്ന ദാസന്‍, അടുക്കളപ്പണി ഏറ്റെടുത്ത് ഭാര്യയെ ജോലിയ്ക്കു വിടുന്ന മറ്റൊരാള്‍, രാത്രിയില്‍ മദ്യപിച്ചെത്തിയാല്‍ ഭാര്യ വാതില്‍ തുറക്കുംവരെ ഉമ്മറപ്പടിയില്‍ ഉറങ്ങേണ്ടി വരുന്ന ജേക്കബ്…

ഭാര്യമാരെല്ലാവരും അസ്വസ്തരാണ്. നരകമാകുന്ന വീട്ടില്‍ ടിവി സീരിയലുകളെ ശരണം വയ്ക്കുന്ന ആനിയമ്മ, വീട്ടിലെ ജലനിധി അറിയാതെ ചൊവ്വയില്‍ ജലം തിരയുന്ന ഭര്‍ത്താവിനെക്കൊണ്ടു പൊറുതിമുട്ടിയ ഒരു ഭാര്യ, ഭര്‍ത്താവിന്റെ അപകടത്തെ തുടര്‍ന്ന് കൈയില്‍ എത്തിച്ചേര്‍ന്ന ഭര്‍ത്താവിന്റെ മൊബൈലില്‍ പുരുഷ പേരുകളില്‍ കണ്ടെത്തിയ സ്ത്രീ സുഹൃത്തുകളെ തിരിച്ചറിഞ്ഞ് മനോനില തകരുന്ന ലത, ഉന്നച്ചനെന്ന തന്റെ ആരാധ്യ പുരുഷന്റെ ഒരു നോട്ടമെങ്കിലും കിട്ടാന്‍ വഴികളെല്ലാം ഉപയോഗിക്കുന്ന സെക്രട്ടറി ലില്ലിക്കുട്ടി. ആധുനിക കാലഘട്ടത്തിലെ ഭാര്യ – ഭര്‍തൃ മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യത്യസ്തങ്ങളായ ചപലതകളെ നര്‍മത്തില്‍ ചേര്‍ത്ത് അവതരിപ്പിക്കുമ്പോള്‍ സമൂഹത്തിനുനേരെ കണ്ണുതുറക്കുന്ന മാധ്യമമായി സിനിമ വെളിപാടൊരുക്കുന്നു.

സ്‌നേഹത്തിന്റെ വ്യതിചലനങ്ങള്‍ക്കിടയിലും മനസറിഞ്ഞ് തിരിച്ചുവരാനായാല്‍ ഇന്നലെകള്‍ മറന്ന് അവരെ ഉള്‍ക്കൊള്ളാന്‍ ഹൃദയം വിശാലമാക്കണമെന്ന ഒരു നേരറിവ് ഈ അസ്വസ്തരായ വ്യക്തിത്വങ്ങളെല്ലാം പകരുന്നുണ്ട്. കഥാന്ത്യത്തില്‍ ഇവരെല്ലാം സംതൃപ്തിയോടെ സംരക്ഷണങ്ങളുടെ കുടുംബക്കൂടുകളില്‍ ഒളിക്കുമ്പോള്‍ പ്രേഷകര്‍ ഈ സത്യം ഉള്‍കൊള്ളുന്നുമുണ്ടാകണം. വീഴ്ചകളുടെ കഥകള്‍ പരസ്പരം പറഞ്ഞ് ഒന്നാകുന്ന നായക ദമ്പതികളും സ്‌നേഹത്തില്‍ ഒന്നാകുന്ന ഉണ്ണിക്കുട്ടനും ലതയും വലിയൊരാശ്വാസക്കുട്ടൊരുക്കുന്നുണ്ട്.

ദൃശ്യബിംബങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു നിമിഷത്തേക്കെങ്കിലും മറിച്ച് ചിന്തിക്കാന്‍ പ്രേരണയാകാനായാല്‍ അതായിരിക്കും ഉദാത്തമായ കല. അങ്ങനെയാകുമ്പോള്‍ മുന്തിരിവള്ളികള്‍ കണ്ടിറങ്ങുന്ന പ്രേഷക ഹൃദയങ്ങളില്‍ ശുദ്ധപ്രണയത്തിന്റെ തളിരുകള്‍ ഇതളുകള്‍ ഒരുക്കുമ്പോള്‍ വെല്ലുവിളികള്‍ക്കപ്പുറത്ത് സുഭദ്രമാകേണ്ട കുടുംബമെന്ന പവിത്രബിംബം യാഥാര്‍ഥ്യമാകുന്നു.

മുന്തിരിവള്ളികളില്‍ ഒളിഞ്ഞിരിക്കുന്ന ചില അസ്വസ്തതകളുമുണ്ട്. വിവാഹേതര ബന്ധങ്ങള്‍ സര്‍വസാധാരണമാണെന്ന ആധുനിക കാഴ്ചപ്പാട് മറകൂടാതെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. ‘കല്യാണം കല്യാണം എന്നു പറയുന്നത് എല്ലാം മറക്കാനല്ല; മറന്നുവെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള ഒരു വേഷംകെട്ടലാണ്’ ഇന്ദുലേഖയുടെ ഈ വരികളില്‍ ഉടഞ്ഞു തകരുന്നത് തിരക്കഥാകൃത്ത് കൈമാറാന്‍ ശ്രമിക്കുന്ന ആദര്‍ശങ്ങളാണ്. ദാമ്പത്യമേഖലയിലെ വിശുദ്ധ പ്രണയത്തെ കിടപ്പറയ്ക്കുചുറ്റുമുള്ള ചുറ്റിക്കളിയായി അവതരിപ്പിക്കുമ്പോള്‍ അന്യമാകുന്നത് യാഥാര്‍ഥ്യ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. കഥാന്ത്യത്തില്‍ എല്ലാ കഥാപാത്രങ്ങളെയും വിശുദ്ധ പ്രതീകങ്ങളായി മാറ്റുന്നതോടെ തികച്ചും  ഒരു ഭാവന പ്രതീതി പ്രേഷകമനസില്‍ പടരുന്നു. ചിത്രത്തിലുടനീളമുള്ള ഉപദേശങ്ങളുടെ നീണ്ട പരമ്പര പ്രേഷകരില്‍ ഒരു പ്രസംഗചിത്രീകരണത്തിന്റെ  മടിപ്പുളവാക്കുന്നുണ്ട്. ആധുനിക കാലഘട്ടത്തില്‍ കടന്നുവരുന്ന വിവാഹേതര പ്രണയസാധ്യതകളെ ഒരു സദാചാര ന്യായാധിപന്റെ കാര്‍ക്കശ്യത്തോടെ ഇല്ലായ്മ ചെയ്യാനുള്ള അമിത തീക്ഷ്ണത ഒരു നിലയ്ക്ക് വിരോധാഭാസം തന്നെയാണ്. ദ്വയാര്‍ഥ പ്രയോഗങ്ങള്‍ ചിലപ്പോള്‍ അലോസരത ഉയര്‍ത്തുന്നുണ്ട്. കൗമാരപ്രണയത്തിലെ കാമുകരെല്ലാം വില്ലന്‍ രൂപങ്ങളാണെന്ന പതിവ് പ്രവണത യുവമനസുകളില്‍ ഒരു നെഗറ്റീവ് ഇമേജ് രൂപപ്പെടാന്‍ സാധ്യതയൊരുക്കുന്നുണ്ട്.

പ്രമോദ് കെ. പിള്ളയുടെ ഛായാഗ്രഹണ മികവും ബിജിപാല്‍ ജയചന്ദ്രന്‍ കൂട്ടുകെട്ടെരുക്കിയിരിക്കുന്ന ‘ഒരു പുഴയില്‍…, അത്തിമരക്കൊമ്പിലെ…’ എന്നീ രണ്ടു ഗാനങ്ങളുടെ ഹൃദ്യതയും പ്രശംസനീയമാണ്. പ്രായത്തെ വെല്ലുന്ന പ്രണയഭാവങ്ങള്‍ മോഹന്‍ലാല്‍ എന്ന നടനെ ഒരിക്കല്‍ കൂടി അഭിനയമികവിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തുകയാണ്. മീന – മോഹന്‍ലാല്‍ താരജോഡികളുടെ രസതന്ത്രം, സനൂപ് സന്തോഷ്, വീണ നായര്‍, ഐമ, ശൃന്ദ എന്നിവരുടെ പക്വതയാര്‍ന്ന പ്രകടനം പ്രശംസനീയമാണ്.

സ്‌ക്രീനില്‍ തളിര്‍ത്ത മുന്തിരിവള്ളികള്‍ക്ക് ഹൃദയങ്ങളിലും കുടുംബങ്ങളിലും പുതുപ്രേമത്തിന്റെ ലഹരിയും ഊര്‍ജവും നിറക്കാനായാല്‍ വാണിജ്യ സിനിമകള്‍ക്കിടയില്‍ മൂല്യപാലനത്തിന്റെ ഉത്തമ കലാസൃഷ്ടിയായി ഈ സിനിമ അംഗീകരിക്കപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>