അഗ്നിസാന്നിധ്യമായി ആനി തയ്യില്‍

By on September 1, 2017
6ee3adff-d863-11e5-86ae-040186a44301

അഗ്നിസാന്നിധ്യമായി ആനി തയ്യില്‍

അര നൂറ്റാണ്ടു കാലം കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ ക്രൈസ്തവ മൂല്യങ്ങളുടെ കരുത്തുറ്റ വനിതാശബ്ദമായിരുന്നു അഡ്വ. ആനി തയ്യില്‍

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ കത്തോലിക്കാ വിദ്യാലയങ്ങളെ ദേശസാല്‍ക്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍, അതിനെതിരെ പൊട്ടിപ്പുറപ്പെട്ട വിമോചന സമരത്തിന്റെ മുന്‍നിരയില്‍ ഗര്‍ജിക്കുന്ന ഒരു സ്ത്രീശബ്ദം കേരളത്തിലെ പൊതുസമൂഹം വിസ്മയത്തോടെ ശ്രദ്ധിച്ചു. അര നൂറ്റാണ്ടു കാലം കേരളത്തിന്റെ മത, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന ഉജ്ജ്വല സ്ത്രീ സാന്നിധ്യമായിരുന്ന ആനി തയ്യിലിന്റേതായിരുന്നു ആ ഗര്‍ജനം. രാഷ്ട്രീയ രംഗത്തും പൊതു പ്രവര്‍ത്തന രംഗത്തും ക്രൈസ്തവമൂല്യങ്ങള്‍ക്കുവേണ്ടി ഗര്‍ജിച്ച ആനി തയ്യിലിനെപ്പോലെ ഒരു സ്ത്രീയെ അവര്‍ക്കു മുമ്പും പിമ്പും കേരളത്തിലെ കത്തോലിക്കാസഭയില്‍ ഉണ്ടായിട്ടില്ലെന്നു പറയാം.
അധ്യാപികയായി ജീവിതം ആരംഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകയും അഭിഭാഷകയും പത്രപ്രവര്‍ത്തകയും ബൈബിള്‍ പ്രഭാഷകയും പുസ്തക രചയിതാവുമൊക്കെയായി ഏഴ് പതിറ്റാണ്ട് ദീര്‍ഘിച്ച സഫലമായ ജീവിത കഥയാണ് ആനി തയ്യലിന്റേത്. 1948ല്‍ നടന്ന തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു നിയമസഭയില്‍ അംഗമായെങ്കിലും പിന്നീട് അവര്‍ അഭിഭാഷകരംഗത്തേയ്ക്ക് കടക്കുകയായിരുന്നു. വിമോചന സമരത്തിന്റെ പ്രക്ഷുബ്ധമായ നാളുകളില്‍ കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിന് വേദികളില്‍ അവര്‍ പ്രസംഗിച്ചു. പല തവണ നിയമസഭ, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പണമൊഴുകുന്ന തിരഞ്ഞെടുപ്പ് ഗോദായില്‍ അവര്‍ വിജയിച്ചില്ല. എങ്കിലും ഇന്ദിരാഗാന്ധിയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു ആനി തയ്യില്‍. 1975ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. സെന്‍ട്രല്‍ സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗമായും കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗമായും സേവനമനുഷ്ഠിച്ചു.
തൃശൂര്‍ ജില്ലയിലെ ചെങ്ങാലൂര്‍ ഗ്രാമത്തില്‍ 1920ലാണ് ജനനം. തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ പഠിച്ച അവര്‍ എറണാകുളം മഹാരാജാസ് കോളജില്‍ നിന്നു ബിഎ പാസായശേഷം സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ അധ്യാപികയായി. പിന്നീട് വടക്കാഞ്ചേരി സര്‍ക്കാര്‍ സ്‌കൂളിലും ചാലക്കുടിയിലും അധ്യാപികയായി. അധ്യാപികയായിരിക്കുമ്പോഴാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്.
രാഷ്ട്രീയ രംഗത്തും പൊതുപ്രവര്‍ത്തനരംഗത്തും മുഖം നോട്ടമില്ലാതെ വെട്ടിത്തുറന്നു പറയുന്ന രീതിയായിരുന്നു അവരുടേത്. പലരുടെയും എതിര്‍പ്പിന് ഇത് വഴിവച്ചെങ്കിലും അവരുടെ നിലപാടുകളിലെ ആത്മാര്‍ഥത അവര്‍ അംഗീകരിക്കുകയായിരുന്നു. ക്രൈസ്തവസഭയും സമൂഹവും സ്ഥാപനങ്ങളും എപ്പോഴൊക്കെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കും വിചാരണകള്‍ക്കും വിധേയമായിട്ടുണ്ടോ അപ്പോഴൊക്കെ ധീരതയോടെ അവയ്‌ക്കെതിരെ പ്രതിരോധം തീര്‍ത്തു ആനി തയ്യില്‍. സിബിസിഐ ദേശീയ ഉപദേശക സമിതി അംഗം, കത്തോലിക്കാ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം, കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചപ്പോഴും അവര്‍ അടിസ്ഥാനപരമായി ക്രൈസ്തവ മൂല്യങ്ങളുടെ കാവല്‍ക്കാരിയായിരുന്നു.
കേരളത്തിലെ ക്രൈസ്തവസാഹിത്യരചയിതാക്കളില്‍ പ്രമുഖ സ്ഥാനത്തുണ്ട് ആനി തയ്യില്‍. ആത്മകഥയടക്കം എണ്‍പതോളം ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചു. ഇവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി ബൈബിള്‍ സംബന്ധിയായ രചനകളുമുണ്ട്. 1993 ഒക്‌ടോബര്‍ 21നു അന്തരിക്കുന്നതിനുമുമ്പ് രണ്ടു ദശാബ്ദക്കാലത്തോളം ബൈബിള്‍ പഠനത്തിലായിരുന്നു അവര്‍.
ഇക്കാലയളവില്‍ കേരളത്തിലെ വിവിധ ദൈവാലയങ്ങളിലും ക്രൈസ്തവ സ്ഥാപനങ്ങളിലുമായി നൂറുകണക്കിന് പ്രഭാഷണങ്ങള്‍ നടത്തി; ക്രൈസ്തവസഭയിലെ മഹാജന്മങ്ങളെപ്പറ്റി ഒട്ടേറെ ഗ്രന്ഥങ്ങളെഴുതി. ബൈബിള്‍ ആസ്പദമാക്കി മാത്രം ഇംഗ്ലീഷിലും മലയാളത്തിലുമായി 19 പുസ്തകങ്ങളുടെ കര്‍ത്താവാണ് ആനി തയ്യില്‍. പത്രപ്രവര്‍ത്തകനായിരുന്ന തയ്യില്‍ കുര്യനായിരുന്നു ഭര്‍ത്താവ്.
വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആനി തയ്യിലെന്ന അഭിഭാഷകയെപ്പറ്റി ചിന്തിക്കുമ്പോള്‍, ഇന്ന് ക്രൈസ്തവ സഭയ്ക്കും സമൂഹത്തിനും ക്രൈസ്തവ മൂല്യങ്ങള്‍ക്കും വേണ്ടി പൊതുസമൂഹത്തിനു മുന്നില്‍ വീറോടെ നിലകൊള്ളാന്‍ തക്ക ഉജ്ജ്വല സ്ത്രീവ്യക്തിത്വങ്ങളുടെ ദൗര്‍ലഭ്യം നാം തിരിച്ചറിയുന്നു. ക്രൈസ്തവാദര്‍ശങ്ങളുടെ അഗ്നി ജ്വലിക്കുന്ന സ്ത്രീസാന്നിധ്യങ്ങളുടെ കുറവ്, നമ്മുടെ പൊതുവേദികളില്‍ പ്രകടമാണ്.
വര്‍ഗീയതയുടെയും സ്പര്‍ധയുടെയും ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങളുടെയും ചാവേറുകളായി നമ്മുടെ മുന്നില്‍ നില്‍ക്കുന്ന ചില രാഷ്ട്രീയ വര്‍ഗീയ വനിതാനേതാക്കളെ സമീപകാലത്തായി നാം കണ്ടു മുട്ടുന്നുണ്ട്. പൊതു വേദികളില്‍ കയറിനിന്ന് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്കെതിരെ പ്രസംഗിക്കുന്ന അത്തരം ഹീന സ്ത്രീജന്മങ്ങളെ ജനം പുച്ഛിച്ചു തള്ളുന്നതും നാം കാണുന്നു.
പൊതുസമൂഹം വിലമതിക്കുന്ന മൂല്യങ്ങള്‍ക്കുവേണ്ടി അടരാടാന്‍ കഴിവും തയാറുമുള്ള ക്രൈസ്തവ വനിതകള്‍ സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ജനാധിപത്യബോധത്തിന്റെയും ജീവിതപരിസരങ്ങളില്‍ നമുക്കാവശ്യമുണ്ട്. ആനി തയ്യിലിനെപ്പോലെ ഗര്‍ജിക്കുന്ന അത്തരം മഹിളാരത്‌നങ്ങളെയാണ് ക്രൈസ്തവ സമൂഹം വളര്‍ത്തിയെടുക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>