By on April 2, 2019
10 C

ഫാ. ജോസ് പന്തല്ലൂക്കാരന്‍
ലോകസഭാ തിരഞ്ഞെടുപ്പും ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തു കഴിഞ്ഞു. കടുത്ത ചൂടിനൊപ്പം തിരഞ്ഞെടുപ്പിന്റെയും പ്രചാരണത്തിന്റെയും ചൂടും വര്‍ധിക്കുകയാണ്. രാജ്യത്തിന്റെ വികസനം, നിലനില്‍പ്, ജനാധിപത്യം, മതേതരത്വം എന്നിവയുടെ സംരക്ഷണം തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ജനാധിപത്യ രീതിയില്‍ രാഷ്ട്രീയ കക്ഷികളാണല്ലോ രാജ്യസേവനത്തിനായി സര്‍ക്കാര്‍ രൂപീകരണത്തിനു വേണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഈ മത്സരത്തില്‍ ‘ഞങ്ങളുടെ സ്ഥാനാര്‍ഥി, അല്ലെങ്കില്‍ ഞങ്ങളുടെ പാര്‍ട്ടി, അല്ലെങ്കില്‍ മുന്നണി ജയിച്ചു ഭൂരിപക്ഷം നേടി’ എന്ന് പറയുമ്പോള്‍ കക്ഷി രാഷ്ട്രീയക്കാര്‍ ഓര്‍ത്തിരിക്കേണ്ട വലിയൊരു യാഥാര്‍ഥ്യമുണ്ട്: ഭൂരിപക്ഷം ലഭിച്ചിരിക്കുന്നതു പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും വോട്ടുകൊണ്ടു മാത്രമല്ല, എന്നതാണ് ആ യാഥാര്‍ഥ്യം. ഉദാഹരണമായി ഒരു നിയോജക മണ്ഡലത്തില്‍ – ലോകസഭയോ നിയമസഭയോ ആകട്ടെ – വോട്ടവകാശമുള്ള 100 പേരുണ്ടെങ്കില്‍ അവരില്‍ ശരാശരി 75 പേര്‍ മാത്രമേ വോട്ടവകാശം ഉപയോഗിക്കുന്നുള്ളൂ. അല്ലെങ്കില്‍ 75 പേര്‍ മാത്രമേ വോട്ടു ചെയ്യുന്നുള്ളൂ. ഈ 75 പേരില്‍ ഏകദേശം 24 പേര്‍ (പാര്‍ട്ടിക്കാര്‍) ഒരു മുന്നണിക്കു വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു 24 പേര്‍ (പാര്‍ട്ടിക്കാര്‍) മറ്റൊരു മുന്നണിക്കു വേണ്ടി വോട്ടു ചെയ്യുന്നു. മറ്റു മൂന്നുപേര്‍ മൂന്നാമത്തെ മുന്നണിക്കു വോട്ടു ചെയ്യുന്നു.
വോട്ടു ചെയ്യുന്ന 75 പേരില്‍ 51 പേര്‍ ഒഴികെ ബാക്കിയുള്ള 24 പേര്‍ കക്ഷി രാഷ്ട്രീയം പൂര്‍ണമായും ഇല്ലാത്തവരാണ്. ഈ 24 പേര്‍ ഭരിക്കുന്ന സര്‍ക്കാരിനെയും നിലവിലുള്ള സമകാലിക സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും വിലയിരുത്തി ഏതു പാര്‍ട്ടി അല്ലെങ്കില്‍ ഏതു മുന്നണിയാണ് നല്ലതെന്നും മനസിലാക്കി വോട്ടു ചെയ്യുന്നവരാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ നിഷ്പക്ഷത പാലിക്കുന്ന ഈ 24 പേരില്‍ ഭൂരിപക്ഷം പേര്‍ തിരഞ്ഞെടുപ്പ് കാലത്ത് എടുക്കുന്ന തീരുമാനമനുസരിച്ചാണ് പാര്‍ട്ടിക്ക്, അല്ലെങ്കില്‍ മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുന്നതും പാര്‍ട്ടിയൊ മുന്നണിയൊ സര്‍ക്കാര്‍ രൂപീകരിക്കുന്നതും. അങ്ങനെയാണെങ്കില്‍ ഒരു സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ ഉണ്ടാകുന്നത് നിഷ്പക്ഷമതികളുടെ വോട്ട് കൊണ്ടാണ്. ഈ യാഥാര്‍ഥ്യം വിനയപൂര്‍വം രാഷ്ട്രീയ കക്ഷികള്‍ മനസിലാക്കണം.
രാഷ്ട്രീയം ജനസേവനത്തിനുള്ളതാണ്. ജനസേവനത്തില്‍ അക്രമത്തിനും അഴിമതിക്കും സ്ഥാനമില്ല. അധികാര അഹങ്കാരത്തിന് ഒട്ടും സ്ഥാനമില്ല. രാജ്യത്തിന്റെ വികസനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനുള്ള ബാധ്യതയാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളത്. രാഷ്ട്രത്തിനാണ് പ്രാധാന്യം, രാഷ്ട്രീയ പാര്‍ട്ടിക്കല്ല. രാഷ്ട്രത്തിനു എന്തു സംഭവിച്ചാലും വിരോധമില്ല, പാര്‍ട്ടിക്ക് ഒന്നും സംഭവിക്കരുത് എന്ന മനോഭാവം മാറണം. ജനത്തിനു ആവശ്യം സമാധാനപരമായ, ശാന്തമായ ജീവിതമാണ്. ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനു സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയെന്നുള്ളതാണ് സര്‍ക്കാരിന്റെ കടമ.
ഈ കടമ നിര്‍വഹിക്കുന്ന സര്‍ക്കാരിനെ ജനം പിന്തുണയ്ക്കും. എന്നാല്‍, ഈ കടമ നിറവേറ്റാത്ത സര്‍ക്കാരിനെ ‘വോട്ട്’ എന്ന ആയുധം കൊണ്ട് വെട്ടി നിരപ്പാക്കും.
നല്ലൊരു സാമൂഹിക പ്രവര്‍ത്തകനു മാത്രമേ നല്ലൊരു രാഷ്ട്രീയക്കാരനാകാന്‍ സാധിക്കൂ. തിരഞ്ഞെടുപ്പ് കാലത്തു മാത്രം ജനങ്ങളെ സമീപിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും എന്നാല്‍ പിന്നീട് അവരെ മറക്കുകയും ചെയ്യുന്ന മനഃസ്ഥിതി ജനത്തിന് സ്വീകാര്യമല്ല. സേവനത്തിനായി ഇറങ്ങിത്തിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ജനങ്ങളുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ളവരാകണം.
ജനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്ന രണ്ടു ഘടകങ്ങളാണു മതവും രാഷ്ട്രീയവും. മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്ന് വാദിക്കുന്ന രാഷ്ട്രീയ ചിന്തകരോട് രാഷ്ട്രീയം മതത്തിലും അമിതമായി ഇടപെടേണ്ടെന്ന് ഓര്‍മിപ്പിക്കുന്നത് നല്ലതാണ്. മതത്തെ രാഷ്ട്രീയത്തില്‍ നിന്നു അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍, തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മതത്തിനും സമുദായത്തിനും ജാതിക്കും അമിത പ്രാധാന്യം നല്‍കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാതി – മത സാമുദായിക സമവാക്യങ്ങള്‍ പരിഗണിക്കുന്നു!
രാഷ്ട്ര നിര്‍മാണത്തില്‍ രാഷ്ട്രീയവും മതവും സമുദായവും യോജിച്ചു നില്‍ക്കണം. മനുഷ്യന്റെ സ്വസ്ഥമായ ജീവിതത്തിനു ഈ ശക്തികള്‍ ഒരുമിച്ചു നില്‍ക്കേണ്ടതു ആവശ്യമാണ്.
തിരഞ്ഞെടുപ്പ് ഓരോ വ്യക്തിയും എടുക്കേണ്ട നിര്‍ണായക തീരുമാനമാണ്. അതിനാല്‍ വോട്ടവകാശം വിവേകത്തോടെ, ജനാധിപത്യത്തെയും മതേതരത്വത്തെയും വികസനത്തെയും സംരക്ഷിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ഉപയോഗിക്കാന്‍ ഓരോരുത്തര്‍ക്കും സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>